ഡിജിറ്റല്‍ അറസ്റ്റില്‍ വീണ് ഒഡീഷ വിസി, ‘ഇഡി’യാണെന്ന് പറഞ്ഞ് വിളിച്ചയാള്‍ക്ക് നല്‍കിയത് 14 ലക്ഷം

ബെര്‍ഹാംപൂര്‍: ഡിജിറ്റൽ തട്ടിപ്പിൽ വീണ ഒഡീഷയിലെ വൈസ് ചാൻസലർക്ക് നഷ്ടമായത് ലക്ഷങ്ങൾ. ബെര്‍ഹാംപൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലറെ പറ്റിച്ച് 14 ലക്ഷമാണ് കവര്‍ന്നത്. വൈസ്ചാന്‍സലര്‍ ഗീതാഞ്ജലി ദാഷിനെയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റില്‍ നിന്നാണെന്ന് പറഞ്ഞ് പറ്റിച്ച് പണം തട്ടിയത്. ഫെബ്രുവരി 12 നാണ് സംഭവം നടന്നത്. ഇഡി ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് ഒരാള്‍ ഗീതാഞ്ജലിയെ ഫോണ്‍ ചെയ്യുകയായിരുന്നു. പണം നഷ്ടപ്പെട്ടെങ്കിലും തട്ടിപ്പ് മനസിലാക്കിയ വിസി പിന്നീട് ഫെബ്രുവരി 24 ന് പൊലീസില്‍ പരാതി നല്‍കി. കോടിക്കണക്കിന് രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതിനെ തുടര്‍ന്ന് ഗീതാഞ്ജലിയുടെ പേരില്‍ ഇഡി നേരത്തെ കേസെടുത്തിട്ടുണ്ട്. അതില്‍ അന്വേഷണം നടന്നു വരികയാണ്. ആ സമയത്താണ് ഓഡിറ്റിന് വേണ്ടി ബാങ്ക് അക്കൗണ്ട് കാലിയാക്കണം എന്ന് ആവശ്യപ്പെട്ട് ഫോണ്‍ വരുന്നത്. ഡിജിറ്റല്‍ അറസ്റ്റ് വിശ്വസിച്ച വിസി ഉടന്‍ തന്നെ ഇയാളുടെ അക്കൗണ്ടിലേക്ക് 14 ലക്ഷം രൂപ അയച്ചു. വിശ്വാസം നേടിയെടുക്കുന്നതിനായി ഇയാള്‍ അടുത്ത ദിവസം വിസി യുടെ അക്കൗണ്ടിലേക്ക് 80,000 രൂപ തിരിച്ചയച്ചു. ബാക്കി തുക ഘട്ടം ഘട്ടമായി തിരിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് അയക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പണം തട്ടിയ ആള്‍ പിന്നീട് ബന്ധപ്പെട്ടില്ല. തുടര്‍ന്ന് വിസി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫോണ്‍ വിളിച്ചയാള്‍ ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നതെന്നും. കുടുംബാംഗങ്ങളെ കുറിച്ചുള്‍പ്പെടെ സംസാരിച്ചതായും വിസി പറഞ്ഞു. പരാതിയെ തുടര്‍ന്ന് കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം നടക്കുത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
