ബസും കാറും കൂട്ടിയിടിച്ച് 14 പേർക്ക് പരിക്ക്

കുന്ദമംഗലം: ദേശീയപാതയിൽ താഴെ പടനിലം ഉപ്പംചേരിമ്മൽ വളവിൽ ബസും കാറും കൂട്ടിയിടിച്ച് 14 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് 12.15ഓടുകൂടിയാണ് സംഭവം. കോഴിക്കോട് ഭാഗത്തുനിന്ന് കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കൊടുവള്ളി ഭാഗത്തുനിന്ന് കുന്ദമംഗലം ഭാഗത്തേക്ക് വരുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ നിയന്ത്രണം വിട്ട് ബസിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.കാറിലുണ്ടായിരുന്ന മൂന്നു പേർക്കും ബസിലുണ്ടായിരുന്ന 11 പേർക്കുമാണ് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബസിന്റെ മുൻഭാഗത്തും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കുന്ദമംഗലം പൊലീസ് ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിലുള്ള സംഘം ഗതാഗതം നിയന്ത്രിച്ചു.താഴെ പടനിലത്ത് ബസും കാറും കൂട്ടിയിടിച്ച നിലയിൽ
