CrimeKerala

14കാരനെ കുഴമ്പിടാനെന്ന വ്യാജേന വിളിച്ചു, പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്; കളരി ആശാന് 12 വർഷം തടവ്

ചേർത്തല: കളരി അഭ്യസിക്കാൻ വന്ന പതിനാലുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയനാക്കിയെന്ന കേസിൽ പ്രതിയ്ക്ക് 12 വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ. ചേർത്തല നഗരസഭ 24-ാം വാർഡിൽ വാടകക്കു താമസിച്ചിരുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര കാരോട് പ്ലാമൂട്ട് തൈവിളാകത്ത് മേലെതട്ട് പുത്തൻവീട്ടിൽ പുഷ്പാകരനെ(64)യാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) ശിക്ഷിച്ചത്. ചേർത്തല നഗരസഭ 24-ാം വാർഡിലെ വാടക വീട്ടിൽ മർമ്മ തിരുമ്മു കളരി പയറ്റ് സംഘം നടത്തി വരികയായിരുന്നു പ്രതി. ഇവിടെ കളരി അഭ്യസിക്കുന്നതിനായെത്തിയ ആൺകുട്ടിയെ കളരി ആശാനായ പ്രതി കുഴമ്പിടാനെന്ന വ്യാജേന വിളിച്ച് കളരിയോട് ചേർന്നുള്ള മറ്റൊരു മുറിയിൽ കൊണ്ട് പോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഇത് മറ്റൊരു ദിവസവും തുടർന്നു. 2022 ജൂണിലായിരുന്നു സംഭവം. ഇതിനെ തുടർന്ന് കളരിയിൽ പോകുന്നതിന് വിമുഖത കാണിച്ച കുട്ടിയോട് രക്ഷിതാക്കൾ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.  കുട്ടിയെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ ആൾ ഉപദ്രവിച്ചതിനും ഒന്നിൽ കൂടുതൽ തവണ ഉപദ്രവിച്ചതിനുമടക്കം വിവിധ വകുപ്പുകളിലായാണ് ശിക്ഷ. ശിക്ഷ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി. കുട്ടി അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സർക്കാരിനോട് കോടതി ശുപാർശ ചെയ്തു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 14 സാക്ഷികളെയും 16 രേഖകളും കേസിന്റെ തെളിവിനായി ഹാജരാക്കി. ചേർത്തല സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന വി ജെ ആന്റണിയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. സിവിൽ പൊലീസ് ഓഫിസർമാരായ കെ നിധി, ഷൈനിമോൾ എന്നിവരും പ്രോസിക്യൂഷൻ വിംഗിലെ ഓഫീസർമാരായ എ സുനിത, ടി എസ് രതീഷ് എന്നിവരും പങ്കാളികളായി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബീന കാർത്തികേയൻ, വി എൽ ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button