
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ കുഴൽപ്പണ വേട്ട. വാഹന പരിശോധനക്കിടയിൽ രേഖകൾ ഇല്ലാത്ത 38 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ. പരപ്പൻ പൊയിലിൽ വെച്ച് സ്കൂട്ടറിൻ്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് രേഖകൾ ഇല്ലാത്ത 38 ലക്ഷം രൂപ പിടികൂടിയത്. കൊടുവള്ളി പുളിയാൽ കുന്നുമ്മൽ മുഹമ്മദ് റാഫി (18) നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം കോഴിക്കോട് കൊടുവള്ളിയില്‍ കാറിൽ ഒളിപ്പിച്ച് കൊണ്ടുവരികയായിരുന്ന അഞ്ച് കോടി രൂപ പിടിച്ചിരുന്നു. സംഭവത്തിൽ കാറിൽ ഉണ്ടായിരുന്ന കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കാറിന്റെ രഹസ്യ അറിയില്ലായിരുന്നു പണം സൂക്ഷിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പ്രതികളെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്നും പൊലീസ് വ്യക്തമാക്കി. ആര്‍ക്ക് വേണ്ടിയാണ് ഇത്രയും പണം കൊണ്ടുവന്നത് എന്നും പൊലീസ് അന്വേക്ഷിക്കുന്നുണ്ട്. പ്രതികളുടെ ഫോൺ കോൾ രേഖകളും മറ്റും പൊലീസ് വിശദമായി പരിശോധിക്കും. രഹസ്യ അറകള്‍ ഉള്ള ഈ വാഹനം വഴി പ്രതികള്‍ മുമ്പും രേഖകളില്ലാത്ത പണം കടത്തിയെന്നാണ് പൊലീസിന്റെ നിഗമനം. ലഹരി മരുന്ന് പിടികൂടാനുള്ള പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് കർണാടക രജിസ്ട്രേഷൻ കാറിൽ നിന്നും അഞ്ച് കോടി നാല് ലക്ഷം രൂപ പിടികൂടിയത്.
