ഓഫർ ലെറ്റർ കൊടുത്തിട്ട് ജോലിക്കെടുത്തത് രണ്ടര വർഷം കഴിഞ്ഞ്, ആറാം മാസം പിരിച്ചുവിടൽ; ഇൻഫോസിസിനെതിരെ പ്രതിഷേധം

ബംഗളുരു: രണ്ടര വർഷത്തോളം കാത്തിരുന്ന് ഇൻഫോസിസിൽ ജോലിക്ക് കയറിയ എഴുന്നൂറോളം പേരെ ആറ് മാസത്തിനകം കമ്പനി ഒറ്റയടിക്ക് പിരിച്ചുവിട്ടതായി ഐടി ജീവനക്കാരുടെ സംഘടനയായ നേസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് ആരോപിച്ചു. കാമ്പസ് സെലക്ഷൻ വഴി ഇൻഫോസിസിൽ ജോലി കിട്ടിയ ഇവരെ രണ്ട് മുതൽ രണ്ട് രണ്ടര വർഷം വരെ കാത്തിരുത്തിയ ശേഷമാണ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ജോലിക്ക് എടുത്തത്. ആറ് മാസത്തിനകം തന്നെ പിരിച്ചുവിടുകയും ചെയ്തു. കമ്പനിയുടെ നടപടിയിൽ ഐടി ജീവനക്കാർക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. പലർക്കും താങ്ങാനാവാത്ത ആഘാതമാണ് ഇൻഫോസിസിലെ കൂട്ടപ്പിരിച്ചുവിടൽ ഉണ്ടാക്കിയതെന്ന് ഐടി ജീവനക്കാരുടെ സംഘടന ആരോപിച്ചു. പുതിയതായി ജോലിക്ക് കയറിയവരെ ഒരു പരീക്ഷ എഴുതിച്ചെന്നും ഇതിൽ പാസാകാത്തവരോട് ഉടനടി ക്യാമ്പസ് വിടാൻ നിർദേശിച്ചെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇൻഫോസിസിന്റെ മൈസൂരു ക്യാമ്പസിലെ ട്രെയിനികളെയാണ് കൂട്ടത്തോടെ പിരിച്ചു വിട്ടത്. സിസ്റ്റം എഞ്ചിനീയേഴ്സ്, ഡിജിറ്റൽ സ്പെഷ്യലിസ്റ്റ് എഞ്ചിനീയേഴ്സ് തസ്തികകളിലെ ട്രെയിനികൾക്ക് നേരെയാണ് നടപടി. പരീക്ഷ പാസാവാത്തവരോട് വൈകുന്നേരം ആറ് മണിക്കകം ക്യാമ്പസ് വിടാൻ അധികൃതർ നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്. പലർക്കും പെട്ടെന്ന് ജോലി നഷ്ടമായ കാര്യം എങ്ങനെ വീട്ടുകാരെ വിളിച്ച് അറിയിക്കണമെന്നു പോലും നിശ്ചയമുണ്ടായിരുന്നില്ലെന്ന് ഐടി ജീവനക്കാരുടെ സംഘടന ആരോപിച്ചു. അധാർമികമായ നടപടിയാണ് ഇൻഫോസിസ് മാനേജ്‍മെന്റ് സ്വീകരിച്ചതെന്നും ആരോപണമുണ്ട്. 2022ൽ ക്യാമ്പസ് റിക്രൂട്ട്മെന്റ് ലഭിച്ചവർക്ക് ഓഫർ ലെറ്റർ അയച്ച ശേഷം നിയമനം നൽകാൻ തന്നെ രണ്ടര വർഷത്തോളം വൈകി. പിന്നീട് സെപ്റ്റംബറിൽ ജോയിൻ ചെയ്യാൻ നിർദേശം ലഭിച്ചു. ഇൻഫോസിസിൽ ജോലി ഉറപ്പായതു കൊണ്ടുതന്നെ ഈ കാലയളവിൽ മറ്റ് ജോലികൾക്ക് ശ്രമിച്ചില്ലെന്ന് മാത്രമല്ല, കിട്ടിയ ജോലികളൊക്കെ ഇൻഫോസിസിൽ നിന്ന് ഓഫർ ലെറ്റർ വരാനുള്ളതിനാൽ നിരസിക്കുകയും ചെയ്തു. ഒടുവിൽ ജോലിക്ക് കയറി ആറ് മാസത്തിനകം ടെർമിനേഷൻ നടപടികൾക്ക് വിധേയരാവുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നിനെ വിശ്വസിച്ചവരോട് കമ്പനി ചെയ്തത് ഇങ്ങനെയായിരുന്നു എന്ന് സംഘടന ആരോപിച്ചു. പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ എന്ന പേരിൽ മൊബൈൽ ഫോണുകൾ പിടിച്ചുവെച്ച്, ബൗൺസർമാരെയും സെക്യൂരിറ്റി ജീവനക്കാരെയും നിയോഗിച്ചാണ് പിരിച്ചുവിടൽ നടപടികൾ പൂർത്തിയാക്കിയതെന്നും ജീവനക്കാർ ആരോപിച്ചു. ബാച്ചുകളായി വിളിച്ച് ഉദ്യോഗാർത്ഥികളോട് പിരിച്ചുവിടുന്നെന്ന് അറിയിപ്പ് നൽകുകയായിരുന്നു. പരീക്ഷ പാസാകാത്തതിനാൽ പിരിച്ച് വിടുന്നതിൽ എതിർപ്പില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു. അതേസമയം, സംഭവത്തില്‍ ന്യായീകരണവുമായി ഇൻഫോസിസ് രംഗത്തെത്തിയിരുന്നു. ട്രെയിനി ബാച്ചിലുള്ളവർക്ക് പരീക്ഷ പാസാകാൻ മൂന്ന് തവണ അവസരം നൽകിയെന്നാണ് കമ്പനിയുടെ വിശദീകരണം. ജീവനക്കാരുടെ നിലവാരം ഉറപ്പാക്കാൻ ഇത്തരം പരീക്ഷകൾ പതിവാണെന്നും കമ്പനിയുടെ വിശദീകരണക്കുറിപ്പില്‍ പറയുന്നു.
