
മുംബൈ: മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊടും ക്രൂരതയുടെ കഥയാണ് മുംബൈയിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസായ്ക്ക് സമീപമുള്ള നൈഗാവിലെ ഒരു വേശ്യാവൃത്തി റാക്കറ്റിൽ നിന്ന് മോചിപ്പിക്കപ്പെട്ട 12 വയസുള്ള ബംഗ്ലാദേശി പെൺകുട്ടി, മൂന്ന് മാസത്തിനിടെ 200 ലധികം പുരുഷന്മാർ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി വെളിപ്പെടുത്തി. എക്സോഡസ് റോഡ് ഇന്ത്യ ഫൗണ്ടേഷൻ, ഹാർമണി ഫൗണ്ടേഷൻ എന്നീ എൻജിഒകളുടെ സഹായത്തോടെ മീര-ഭായന്ദർ വസായ്-വിരാർ (എംബിവിവി) പൊലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റ് ജൂലൈ 26 ന് നടത്തിയ ഓപ്പറേഷനിലാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. “ജുവനൈൽ ഹോമിലെ 12 വയസ്സുള്ള പെൺകുട്ടി പറഞ്ഞത്, തന്നെ ആദ്യം ഗുജറാത്തിലെ നാദിയാദിലേക്ക് കൊണ്ടുപോയി, അവിടെ മൂന്ന് മാസത്തിനിടെ 200-ലധികം പുരുഷന്മാർ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ്. ഈ പെൺകുട്ടി തൻ്റെ കൗമാരം പോലും കണ്ടിട്ടില്ല, അവളുടെ ബാല്യം ആ ക്രൂരൻമാര് തട്ടിയെടുത്തു” ഹാർമണി ഫൗണ്ടേഷൻ സ്ഥാപക പ്രസിഡൻ്റ് എബ്രഹാം മത്തായി പറഞ്ഞു.സ്കൂളിൽ ഒരു വിഷയത്തിൽ തോറ്റതിനെ തുടർന്ന് മാതാപിതാക്കളെ പേടിച്ചാണ് പെൺകുട്ടി തനിക്ക് പരിചയമുള്ള ഒരു സ്ത്രീയോടൊപ്പം ഒളിച്ചോടിയതെന്ന് മത്തായി പറഞ്ഞു. “ആ സ്ത്രീ അവളെ രഹസ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവന്ന് വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ടു,” കുട്ടി പേര് പറഞ്ഞ എല്ലാ പുരുഷന്മാരെയും അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ” സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട എല്ലാ ശൃംഖലയും തുറന്നുകാട്ടുന്നതിനും കൗമാരക്കാർക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും എംബിവിവി പൊലീസ് തങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിക്കുന്നുണ്ടെന്ന്” കമ്മീഷണർ നികേത് കൗശിക് പറഞ്ഞു.സമാനമായ കേസുകൾ രാജ്യത്ത് പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ മധു ശങ്കർ ചൂണ്ടിക്കാട്ടി. “വാഷി, ബേലാപൂർ പ്രദേശങ്ങളിൽ ഭിക്ഷാടനം നടത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. പലപ്പോഴും അവരെ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് കടത്തിക്കൊണ്ടുവന്ന് ചൂഷണം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒന്നോ രണ്ടോ പ്രായമായ സ്ത്രീകളാണ് അവരെ പരിപാലിക്കുന്നത്, അവർ അവരെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. കുട്ടികൾ വേഗത്തിൽ പ്രായപൂര്ത്തിയാകാൻ വേണ്ടി ഹോർമോൺ കുത്തിവെപ്പുകളും നൽകുന്നു,” അദ്ദേഹം വെളിപ്പെടുത്തുന്നു.
