Spot light

ചെരിപ്പിന് 237 കോടി; 89 വർഷം മുമ്പുള്ള ചിത്രത്തിൽ നായിക ധരിച്ച ‘റൂബി സ്ലിപ്പർ’ ലേലം ചെയ്തു

‘വിസെഡ് ഒവ് ഒസ്’ (The Wizard of Oz) എന്ന പ്രശസ്തമായ ചിത്രമിറങ്ങുന്നത് 1939 -ലാണ്. എംജിഎം നിർമിച്ച ചിത്രം വിക്റ്റർ ഫ്ലെമിങാണ് സംവിധാനം ചെയ്തത്. ഇപ്പോഴിതാ, ചിത്രത്തിൽ ജൂഡി ഗാർലൻഡ് ധരിച്ച ഒരു ജോടി ‘റൂബി സ്ലിപ്പറു’കൾ ലേലത്തിൽ പോയിരിക്കയാണ്. 28 മില്യൺ ഡോളറിനാണ് (237 കോടി) സ്ലിപ്പർ ലേലത്തിൽ വിറ്റിരിക്കുന്നത്.  കഥാനായികയായ ദൊറോത്തി എന്ന കഥാപാത്രത്തെയാണ് ജൂഡി ഗാർലൻഡ് അവതരിപ്പിച്ചത്. ദൊറോത്തി ചിത്രത്തിൽ ധരിച്ച ഈ സ്ലിപ്പർ 20 വർഷം മുമ്പ് മോഷണം പോയിരുന്നുവെങ്കിലും പിന്നീട് വർഷങ്ങൾക്ക് ശേഷം കണ്ടെടുക്കുകയായിരുന്നു.  800 -ലധികം പേരാണ് ലോകശ്രദ്ധയാകർഷിച്ച ലേലത്തിൽ പങ്കെടുത്തത്. എപി -യുടെ റിപ്പോർട്ട് അനുസരിച്ച്, ആദ്യം സ്ലിപ്പറുകൾക്ക് മൂന്ന് മില്യൺ ഡോളറോ അതിന് മുകളിലോ ആണ് വില കണക്കാക്കിയിരുന്നത്. എന്നാൽ, നിമിഷങ്ങൾക്കുള്ളിൽ തന്നെ ലേലത്തിൽ വില കുതിച്ചുയരുകയായിരുന്നു. 28 മില്യൺ ഡോളറായി വില ഉയർന്നു. വാങ്ങിയയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഹെറിറ്റേജ് ഓക്ഷൻസാണ് ലേലം നടത്തിയത്. 2005 -ൽ മിനസോട്ടയിലെ ഗ്രാൻഡ് റാപ്പിഡ്‌സിലെ ‘ജൂഡി ഗാർലൻഡ് മ്യൂസിയ’ത്തിൽ നിന്ന് ടെറി ജോൺ മാർട്ടിൻ എന്നയാളാണ് ഗ്ലാസ് കെയ്‌സ് തകർത്തശേഷം സ്ലിപ്പറുകൾ മോഷ്ടിച്ചത്. പിന്നീട്, വർഷങ്ങളോളം അത് കണ്ടെത്താനായില്ല. ഒടുവിൽ, 2018 -ലാണ് എഫ്ബിഐ ചെരിപ്പുകൾ കണ്ടെടുക്കുന്നത്.  2023 -ലാണ് മാർട്ടിനാണ് അന്ന് സ്ലിപ്പറുകൾ മോഷ്ടിച്ചത് എന്ന് കണ്ടെത്തുന്നത്. തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. എന്നാൽ, ആരോഗ്യപ്രശ്നങ്ങൾ കാരണം ചെറിയ ശിക്ഷ മാത്രമേ ലഭിച്ചുള്ളൂ. ചെരിപ്പുകളിൽ യഥാർത്ഥ മാണിക്യങ്ങളാണ് വച്ചിരിക്കുന്നത് എന്ന് തെറ്റിദ്ധരിച്ചാണത്രെ ഇയാൾ അത് മോഷ്ടിച്ചത്. എന്നാൽ, അവ വെറും ഗ്ലാസ് കൊണ്ട് നിർമ്മിച്ചതാണെന്ന് കണ്ടെത്തിയപ്പോൾ മാർട്ടിൻ അത് ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് എഫ്‍ബിഐ അത് കണ്ടെത്തുന്നത്.  ,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button