Sports

ചരിത്രത്തിലേക്ക് 25 റൺസ് ദൂരം! ശുഭ്മൻ ഗിൽ മറികടക്കുക 19 വർഷം പഴക്കമുള്ള റെക്കോഡ്

ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഈമാസം 23ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ആരംഭിക്കും. ഈ മത്സരം ഇന്ത്യക്ക് ഏറെ നിർണായകമാണ്. തോറ്റാൽ ഒരു മത്സരം ബാക്കി നിൽക്കെ തന്നെ പരമ്പര നഷ്ടമാകും. 1-2ന് പിന്നിലാണ് ഇന്ത്യ. ലോർഡ്സിൽ പൊരുതി തോറ്റെങ്കിലും മാഞ്ചസ്റ്ററിൽ സമനില പിടിച്ച് ഒപ്പമെത്താനാകുമെന്ന പ്രതീക്ഷയിലാണ് ശുഭ്മൻ ഗില്ലും സംഘവും. തകർപ്പൻ ഫോമിലുള്ള ഗില്ലിന് ലോർഡ്സിൽ തിളങ്ങാനായില്ലെങ്കിലും പരമ്പരയിൽ ഇതുവരെ 607 റൺസാണ് അടിച്ചുകൂട്ടിയത്. 101 ആണ് ശരാശരി. ഇനിയുള്ള മത്സരങ്ങളിൽ 25 റൺസ് കൂടി നേടിയാൽ ഗില്ലിന്‍റെ പേര് ചരിത്രത്തിന്‍റെ ഭാഗമാകും. ഇംഗ്ലണ്ടിൽ ഒരു ഉഭയകക്ഷി ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഏഷ്യൻ ബാറ്ററെന്ന റെക്കോഡ് ഗില്ലിന്‍റെ പേരിലാകും. മുൻ പാകിസ്താൻ താരം മുഹമ്മദ് യൂസുഫിനെയാണ് താരം മറികടക്കുക. 2006ൽ ഇംഗ്ലീഷ് മണ്ണിൽ ടെസ്റ്റ് പരമ്പരയിൽ താരം 631 റൺസ് നേടിയിരുന്നു. മറ്റു നിരവധി റെക്കോഡുകളും താരത്തെ കാത്തിരിക്കുന്നുണ്ട്. നാലാം ടെസ്റ്റിൽ 146 റൺസ് കൂടി നേടിയാൽ പരമ്പരയിൽ താരത്തിന്‍റെ സമ്പാദ്യം 753 റൺസാകും. ഒരു ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററെന്ന നേട്ടം ഗില്ലിന് സ്വന്തമാകും. 1990ൽ ഇംഗ്ലണ്ട് താരം ഗ്രഹാം ഗൂച്ച് നേടിയ 752 റൺസാണ് താരം മറികടക്കുക. 107 റൺസ് നേടിയാൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളിനെ മറികടന്ന് ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യ ബാറ്ററാകും ഗിൽ. 2024ൽ ഇന്ത്യൻ മണ്ണിൽ ജയ്സ്വാൾ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 712 റൺസ് നേടിയിരുന്നു. ഇന്ത്യൻ ടെസ്റ്റ് നായകനായുള്ള അരങ്ങേറ്റ പരമ്പരയിൽ തന്നെ ഒരുപിടി റെക്കോഡുകളാണ് ഗിൽ സ്വന്തം പേരിലാക്കിയത്. എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഗില്ലിന്‍റെ തകർപ്പൻ ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 336 റൺസിന്‍റെ ചരിത്ര വിജയം നേടിയത്. ഇരു ഇന്നിങ്സുകളിലുമായി ഗിൽ നേടിയത് 430 റൺസ് -ഒന്നാം ഇന്നിങ്സിൽ 269 റൺസ് നേടിയ താരം രണ്ടാം ഇന്നിങ്സിൽ 161 റൺസും. നായകനായുള്ള അരങ്ങേറ്റ പരമ്പരയിൽ വെറ്ററൻ താരം വിരാട് കോഹ്ലി നേടിയ 449 റൺസെന്ന റെക്കോഡ് ആദ്യ രണ്ടു ടെസ്റ്റിൽ തന്നെ ഗിൽ മറികടന്നു. ഏഷ്യക്കു പുറത്ത് ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ കൂടിയാണ് എഡ്ജ്ബാസ്റ്റണിൽ ഗിൽ സ്വന്തമാക്കിയത്. സിഡ്നിയിൽ ഇതിഹാസം സചിൻ തെണ്ടുൽക്കർ നേടിയ 241 റൺസാണ് പഴങ്കഥയായത്. എവേ ടെസ്റ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോർ കൂടിയാണ് ഗിൽ ഒന്നാം ഇന്നിങ്സിൽ സ്വന്തമാക്കിയത്. മുൾട്ടാനിൽ വിരേന്ദർ സെവാഗ് നേടിയ 309 റൺസും റാവൽപിണ്ടിയിൽ രാഹുൽ ദ്രാവിഡ് നേടിയ 270 റൺസുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. സുനിൽ ഗവാസ്കർ, ദ്രാവിഡ് എന്നിവർക്കുശേഷം ഇംഗ്ലണ്ടിൽ ഇരട്ട സെഞ്ച്വറി കുറിക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും ഗില്ലിന്‍റെ പേരിലായി. ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിലും താരം സെഞ്ച്വറി നേടിയിരുന്നു (147 റൺസ്).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button