CrimeKerala

മരണ സമയം 28കാരിയായ തുഷാരയുടെ ഭാരം 21 കിലോ മാത്രം, ആമാശയത്തിൽ ഭക്ഷണാംശം പോലുമില്ല; വിധിയിൽ തൃപ്തിയെന്ന് കുടുംബം

കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ തുഷാര കൊലക്കേസ് വിധിയിൽ തൃപ്തിയുണ്ടെന്ന് തുഷാരയുടെ കുടുംബം. വിധിയെ സ്വാഗതം ചെയ്തെങ്കിലും മകൾ നേരിട്ട വേദനയ്ക്ക് ഒന്നും പകരമാകില്ലെന്നായിരുന്നു കുടുംബത്തിൻ്റെ പ്രതികരണം. സ്ത്രീധനത്തിൻ്റെ പേരിൽ തുഷാരയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ചന്തുലാലിനും ഭർതൃമാതാവ് ​ഗീതാലാലിക്കും കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജീവപര്യന്തം തടവും പിഴയും വിധിച്ചത്. തുഷാര നേരിട്ടത് അതിക്രൂര പീഡനമാണെന്നും വിധിയിൽ തൃപ്തിയുണ്ടന്നും പ്രോസിക്യൂഷനും പൊലീസും വ്യക്തമാക്കി.  തനിക്കിവിടെ സുഖമാണെന്നായിരുന്നു തുഷാര തങ്ങളോട് പറഞ്ഞിരുന്നതെന്ന് കുടുബം പറയുന്നു. അവിടേക്ക് ചെല്ലാന്‍ സമ്മതിച്ചിരുന്നില്ല. വീട്ടിലേക്ക് തിരികെ വരുന്ന കാര്യം ഒരിക്കൽ പോലും തുഷാര പറഞ്ഞില്ല. വിവാഹം കഴിഞ്ഞ് മൂന്ന്മാസം കഴിഞ്ഞത്  മുതല്‍ സ്ത്രീധന ബാക്കി ആവശ്യപ്പെട്ട് തുടങ്ങിയെന്നും കുടുംബം വ്യക്തമാക്കുന്നു. അവരുടെ വീട്ടിലേക്ക് ആരും ചെല്ലാന്‍ സമ്മതിച്ചിരുന്നില്ല.  അപൂർവങ്ങളിൽ അപൂർവമായി കണ്ടാണ് തുഷാര കൊലക്കേസ് പ്രോസിക്യൂഷൻ വാദിച്ചത്. തുഷാരയെ സ്ത്രീധനത്തിൻ്റെ പേരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഭർത്താവിനും ഭർതൃമാതാവിനും കഠിന ശിക്ഷ വേണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. തുഷാര നേരിട്ട കൊടും ക്രൂരതകൾ ബോധ്യപ്പെട്ട കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി 32 കാരനായ ചന്തുലാലിനെയും 62 വയസുള്ള അമ്മ ഗീതാ ലാലിയെയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. കോടതി നീതി നടപ്പാക്കിയെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു. 28 കാരിയായ തുഷാര മരണപ്പെടുമ്പോൾ ശരീരഭാരം വെറും 21 കിലോ ആയിരുന്നു. ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നതിൽ നിർണായകമായെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. തുഷാരയുടെ രണ്ട് പെൺമക്കളുടെ സംരക്ഷണവും പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. കുട്ടികൾ നിലവിൽ തുഷാരയുടെ മാതാപിതാക്കൾക്ക് ഒപ്പമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button