കാസര്‍കോട് എരഞ്ഞിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് കുട്ടികൾ മരിച്ചു
കാസർകോട്: കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട മൂന്നു വിദ്യാർഥികളും മരിച്ചു. എരിഞ്ഞിപ്പുഴ സ്വദേശി അഷ്‌റഫ് – ശബാന ദമ്പതികളുടെ മകൻ യാസിൻ (13), അഷ്‌റഫിന്റെ സഹോദരന്‍ മജീദിന്റെ മകൻ സമദ് (13), ഇവരുടെ സഹോദരി റംലയുടെയും സിദ്ദിഖിന്റെയും മകൻ റിയാസ് (17) എന്നിവരാണ് മരിച്ചത്. അവധി ആഘോഷിക്കാനായി എരിഞ്ഞിപ്പുഴയിലെ കുടുംബവീട്ടിലെത്തിയതാണ് മൂവരും.
ഇന്ന് ഉച്ചയോട് കൂടി പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. മൂന്ന് പേരും മുങ്ങിപ്പോകുകയായിരുന്നു. റിയാസിനെയാണ് ആദ്യം കണ്ടെത്തിയത്. റിയാസിനെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും പോകുന്ന വഴിക്ക് മരണം സംഭവിക്കുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മറ്റ് രണ്ടു കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
മുങ്ങിപ്പോയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേരും അപകടത്തിൽപെട്ടതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണ് തിരച്ചിൽ നടത്തിയത്. മൂന്നു പേരുടെയും മൃതദേഹം കാസര്‍കോട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.