Crime

എടിഎമ്മിൽ നിന്ന് 30 ലക്ഷം കൈക്കലാക്കിയത് വെറും നാല് മിനിറ്റ് കൊണ്ട്; കാറിൽ വന്നു, മുറിയുടെ ഷട്ടറിട്ട് മടങ്ങി

ഹൈദരാബാദ്: എടിഎം കൗണ്ടറിലെത്തി മെഷീൻ തകർത്ത നാലംഗ സംഘം മിനിറ്റുകൾക്കുള്ളിൽ 30 ലക്ഷത്തോളം രൂപ കൈക്കലാക്കി മുങ്ങി. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള എസ്ബിഐ എടിഎമ്മിലാണ് നാല് മിനിറ്റുകൾ കൊണ്ട് വൻ മോഷണം നടന്നത്. എടിഎം മുറിയ്ക്കുള്ളിൽ വെച്ചിരുന്ന ക്യാമറയിൽ മോഷണത്തിന്റെ ദൃശ്യങ്ങളെല്ലാം പതിയുകയും ചെയ്തു. മുഖം മറച്ച നിലയിൽ നാല് പേരാണ് ഞായറാഴ്ച്ച പുലർച്ചെ 1.56ന് എടിഎം കൗണ്ടറിലെത്തിയത്. കാറിലായിരുന്നു ഇവർ എത്തിയത്. അകത്ത് കയറും മുമ്പ് മുറിയ്ക്ക് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ എന്തോ വസ്തു സ്പ്രേ ചെയ്തു. ശേഷം എമർജൻസി സൈറൺ മുഴങ്ങാൻ സ്ഥാപിച്ചിരുന്ന വയറുകൾ കട്ട് ചെയ്തു. എന്നാൽ കൗണ്ടറിനുള്ളിലുണ്ടായിരുന്ന സിസിടിവി ക്യാമറ ഇവർ മറച്ചില്ല. അതുകൊണ്ടുതന്നെ ആ ക്യാമറയിൽ മോഷണ ദൃശ്യങ്ങളെല്ലാം പതിഞ്ഞിട്ടുണ്ട്. ഇരുമ്പ് ദണ്ഡുകളും ഗ്യാസ് കട്ടറുമായി മൂന്ന് പേർ മുറിയ്ക്ക് അകത്ത് കടന്നപ്പോൾ ഒരാൾ പുറത്ത് കാവൽ നിന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ മുറിച്ചുമാറ്റി. അകത്തുണ്ടായിരുന്ന 29.69 ലക്ഷം രൂപയും കവർന്നു. നാല് മിനിറ്റിന് ശേഷം എല്ലാം പൂർത്തിയാക്കി ഇവർ മടങ്ങുകയും ചെയ്തു. സംഘത്തിൽ അഞ്ച് പേർ ഉണ്ടായിരുന്നെന്നും ഒരാൾ വാഹനത്തിൽ തന്നെ ഇരിക്കുകയായിരുന്നു എന്നുമാണ് മനസിലാവുന്നതെന്ന് പൊലീസ് പറഞ്ഞു. മോഷണം കഴിഞ്ഞ് എടിഎം മുറിയുടെ ഷട്ടറിട്ട ശേഷമാണ് ഇവർ മടങ്ങുന്നത്. മോഷണ സംഘം സഞ്ചരിച്ച കാർ പല സ്ഥലങ്ങളിലൂടെ കടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. മെഷീൻ കുത്തിത്തുറന്ന് പണം എടുക്കുന്നതിനുള്ള എല്ലാ സന്നാഹങ്ങളുമായാണ് ഇവ‍ർ എത്തിയത്. ഹരിയാനയിൽ നിന്നുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.  മറ്റൊരു എടിഎം കൂടി കുത്തിത്തുറക്കാൻ ശ്രമം നടത്തിയെങ്കിലും അലാം സെൻസറുകൾ ഇളക്കി മാറ്റാൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. ബംഗളുരുവിലെയും തമിഴ്നാട്ടിലെ ഹൊസൂരിലെയും എടിഎം കവർച്ചയ്ക്ക് പിന്നിലുള്ള അതേ സംഘമാണ് ഇവിടെയും എത്തിയതെന്ന് സംശയിക്കുന്നതായും ഇവിടങ്ങളില്ലാം മോഷണം നടന്ന രീതി ഇതാണ് വ്യക്തമാക്കുന്നതെന്നും പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button