Spot lightWorld

ദിവസവും 35 കിലോ ഭക്ഷണം, പേര് കിംഗ് കോങ്; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോത്ത് !

ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പോത്തിനെ പ്രഖ്യാപിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്സ്. അഞ്ച് വയസ്സ് പ്രായമുള്ള ‘കിംഗ് കോങ്’ എന്ന പോത്താണ് ഈ ലോക റെക്കോർഡിന് അർഹനായത്. 185 സെ.മീ (6 അടി 0.8 ഇഞ്ച്)  ഉയരം ഉണ്ട് കിംഗ് കോങ്ങിന്. തായ്‌ലൻഡിലെ നഖോൺ റാച്ചസിമയിലെ നിൻലാനി ഫാമിന്‍റെ ഉടമസ്ഥതയിലുള്ള പോത്താണ് ഇത്. സാധാരണ ഗതിയിൽ പ്രായപൂർത്തിയായ മറ്റു പോത്തുകളെക്കാൾ 20 ഇഞ്ച് ഉയരം കൂടുതൽ ഉണ്ട് കിംഗ് കോങ്ങിന്. 2021  ഏപ്രിൽ 1-ന് ജനിച്ച നിമിഷം മുതൽ കിംഗ് കോങ്ങിന്‍റെ ശ്രദ്ധേയമായ ഉയരം പ്രകടമായിരുന്നു.  കിംഗ് കോങ്ങ് ജനിച്ച ഉടൻതന്നെ അതിന്‍റെ അസാധാരണമായ ഉയരം തങ്ങൾ ശ്രദ്ധിച്ചിരുന്നുവെന്നാണ് കിംഗ് കോങ്ങിനെ പരിപാലിക്കുന്ന ചെർപട്ട് വുട്ടി പറയുന്നത്. നിൻലാനി ഫാമിലാണ് കിംഗ് കോങ്ങ് ജനിച്ചത്. അവന്‍റെ അമ്മയും അച്ഛനും ഇപ്പോഴും ആ ഫാമില്‍ തന്നെയുണ്ട്. എല്ലാ ദിവസവും രാവിലെ ആറുമണിക്കാണ് കിംഗ് കോങ്ങിന്‍റെ പ്രഭാത കർമ്മങ്ങൾ ആരംഭിക്കുന്നത്. ഉറക്കം ഉണർന്നാൽ ആദ്യം തന്നെ കുളത്തിൽ നീണ്ട ഒരു കുളി. അതിന് ശേഷമാണ് ഭക്ഷണം.  

പ്രതിദിനം 35 കിലോഗ്രാം ഭക്ഷണം കഴിക്കുന്ന കിംഗ് കോങ്ങിന്‍റെ ഇഷ്ടഭക്ഷണങ്ങൾ  വൈക്കോൽ,  ചോളം,  വാഴപ്പഴം എന്നിവയാണ്. വലിയ വലിപ്പം ഉണ്ടെങ്കിലും  കിംഗ് കോംങ് ആക്രമണകാരിയല്ല. സൗമ്യനും സൗഹൃദ സ്വഭാവക്കാരനുമാണ് കിംഗ് കോങ് എന്ന് ചെർപട്ട് വുട്ടി തന്നെയാണ് പറയുന്നത്. ഫാമില്‍ അവന്‍റെ വിളിപ്പേര് തന്നെ വലിയ മര്യാദക്കാരന്‍ എന്നര്‍ത്ഥം വരുന്ന ‘യെനും’ എന്നാണ്. കാലുകൊണ്ട് മണ്ണിൽ മാന്തി കുഴി ഉണ്ടാക്കുന്നതും ആളുകളോടൊപ്പം ഓടുന്നതുമാണത്രേ കക്ഷിയുടെ ഇഷ്ട വിനോദങ്ങൾ. ഫാമിലെ കരുത്തനായ വലിയൊരു നായ്ക്കുട്ടിയെ പോലെയാണ് അവനെന്നും ഫാം ഉടമ കൂട്ടിചേര്‍ക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button