
പൂനെ: ദുബൈയില്‍ നിന്ന് പൂനെയിലേക്കെത്തിയ വിദ്യാര്‍ത്ഥിനികളില്‍ നിന്ന് 4.01 ലക്ഷം ഡോളര്‍ (3.5 കോടി രൂപ) കസ്റ്റംസ് പിടിച്ചെടുത്തു. പൂനെ വിമാനത്താവളത്തില്‍ നിന്നാണ് വിദേശ കറന്‍സി പിടിച്ചെടുത്തത്. നോട്ട് ബുക്കുകളുടെ പേജുകള്‍ക്കിടയില്‍ ഒളിപ്പിച്ച രീതിയിലായിരുന്നു കറന്‍സി. ഹവാല റാക്കറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്‍റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് പെണ്‍കുട്ടികള്‍ പിടിയിലായത്. കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ എയര്‍ ഇന്‍റലിജന്‍സ് യൂണിറ്റാണ് പരിശോധന നടത്തിയത്. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍റ് ഖുഷ്ബു അഗര്‍വാളിന്‍റെതാണ് പണം എന്നാണ് വിദ്യാര്‍ത്ഥിനികളുടെ മൊഴിയില്‍ പറയുന്നത്. പൂനെയില്‍ നിന്ന് ദുബൈയിലേക്ക് പോകുമ്പോള്‍ ഖുഷ്ബു അഗര്‍വാള്‍ രണ്ട് ബാഗുകള്‍ വിദ്യാര്‍ത്ഥിനികളെ ഏല്‍പ്പിച്ചിരുന്നു. ദുബൈയിലെ തന്‍റെ ഓഫീസില്‍ അടിയന്തിരമായി എത്തിക്കേണ്ട രേഖകള്‍ ആണെന്നു പറഞ്ഞാണ് ഇയാള്‍ ബാഗുകള്‍ ഏല്‍പ്പിച്ചത്. തിരിച്ചു വരുമ്പോള്‍ ആ ബാഗ് തിരികെ കൊണ്ടുവരുകയായിരുന്നു. ബാഗില്‍ വിദേശ കറന്‍സി ഒളിപ്പിച്ച വിവരം അറിയില്ലായിരുന്നു എന്ന് ഇവര്‍ പറയുന്നു. നിലവില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് എതിരെ നടപടിയെടുത്തിട്ടുണ്ട്. ഖുഷ്ബു അഗര്‍വാളിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.
