4 വര്‍ഷങ്ങൾ, സ്വന്തം റെക്കോർഡ് തിരുത്തി മോഹൻലാൽ; മലയാളത്തിലെ ബിഗസ്റ്റ് ഓപണർ ഇനി ‘എമ്പുരാൻ’, കണക്കുകൾ

മലയാള സിനിമയില്‍ സമീപ വര്‍ഷങ്ങളില്‍ എമ്പുരാനോളം ഹൈപ്പ് ലഭിച്ച ഒരു ചിത്രം ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. അഡ്വാന്‍സ് ബുക്കിംഗ് ആദ്യം ആരംഭിച്ച ഓവര്‍സീസ് മാര്‍ക്കറ്റുകളില്‍ നിന്ന് തന്നെ ഇത് വ്യക്തമായിരുന്നെങ്കിലും ഇന്ത്യന്‍ ബുക്കിംഗ് തുടങ്ങിയ ഇന്നലെയാണ് സംശയലേശമന്യെ ട്രെന്‍ഡ് വ്യക്തമായത്. ബുക്ക് മൈ ഷോയില്‍ റെക്കോര്‍ഡുകള്‍ പലത് ഇതിനകം സൃഷ്ടിച്ച ചിത്രം ഇപ്പോഴിതാ മറ്റൊരു പ്രധാന റെക്കോര്‍ഡിന് കൂടി ഇപ്പോള്‍ ഉടമ ആയിരിക്കുകയാണ്. മലയാളത്തിലെ ബിഗസ്റ്റ് ഓപണര്‍ ഇനി എമ്പുരാന്‍ ആണ്. അതെ, റിലീസിന് അഞ്ച് ദിനങ്ങള്‍ ശേഷിക്കെയാണ് ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ഈ സ്വപ്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സ്വന്തം റെക്കോര്‍ഡ് മറികടന്നാണ് മോഹന്‍ലാല്‍ വീണ്ടും ഈ നേട്ടത്തില്‍ എത്തിയിരിക്കുന്നത്. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ മരക്കാര്‍ ആയിരുന്നു ഇതുവരെ മലയാളത്തിലെ ഏറ്റവും വലിയ വേള്‍ഡ്‍വൈഡ് ഓപണര്‍. ആ റെക്കോര്‍ഡ് ആണ് റിലീസിന് മുന്‍പേ എമ്പുരാന്‍ തിരുത്തിയിരിക്കുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് അനുസരിച്ച് ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ പ്രീ ബുക്കിംഗ് 10 കോടിക്ക് മുകളിലാണ്. ഫാന്‍സ് ഷോകള്‍ ഉള്‍പ്പെടെയുള്ള കണക്കാണ് ഇത്. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 30 കോടിയോട് അടുക്കുകയുമാണ്. നോര്‍ത്ത് അമേരിക്ക അടക്കമുള്ള പല ഓവര്‍സീസ് മാര്‍ക്കറ്റുകളിലും ചിത്രം നേരത്തേ ബുക്കിംഗ് ആരംഭിച്ചിരുന്നു. 20 കോടിക്ക് തൊട്ട് മുകളിലായിരുന്നു മരക്കാറിന്‍റെ റിലീസ് ദിന ആഗോള കളക്ഷന്‍. അഡ്വാന്‍സ് ബുക്കിംഗിലൂടെ 30 കോടി കടന്ന എമ്പുരാന്‍ 50 കോടിയുടെ ഓപണിംഗ് നേടുമോ എന്ന കൗതുകത്തിലാണ് മലയാള സിനിമാ വ്യവസായം ഇപ്പോള്‍. അത് സാധ്യമാകുന്നപക്ഷം ചലച്ചിത്ര വ്യവസായത്തിന് വലിയ ഉണര്‍വ്വാകും അത് പകരുക.
