Spot lightWorld

400 മീറ്ററോളം വലിപ്പം, ഭൂമിയില്‍ കൂട്ടിയിടിച്ചാല്‍ എന്താകും ഫലം? ഭീമാകാരന്‍ ഛിന്നഗ്രഹം പാഞ്ഞടുക്കുന്നു

കാലിഫോര്‍ണിയ: ഒരു സ്റ്റേഡിയത്തിന്‍റെ വലിപ്പമുള്ള ഭീമന്‍ ഛിന്നഗ്രഹം 447755 (2007 JX2) നാളെ ഭൂമിക്ക് അരികിലെത്തും എന്ന മുന്നറിയിപ്പുമായി നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി. 1,300 അടി വ്യാസം കണക്കാക്കുന്ന ഈ ഛിന്നഗ്രഹം സമീപകാലത്ത് ഭൂമിക്ക് അരികിലെത്തുന്ന ഏറ്റവും വലിയ പ്രകൃതിദത്ത ബഹിരാകാശ വസ്‌തുക്കളില്‍ ഒന്നാണ്.  കാഴ്‌ചയില്‍ ഭീമാകാരമെങ്കിലും ഭൂമിക്ക് യാതൊരു ശല്യവുമില്ലാതെ 447755 (2007 JX) ഛിന്നഗ്രഹം കടന്നുപോകും എന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്. 1,300 അടി അഥവാ 396 മീറ്റര്‍ വലിപ്പമുള്ള ഈ ഛിന്നഗ്രഹം ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും ഭൂമിയുമായി 3,440,000 മൈല്‍ അകലം കാത്തുസൂക്ഷിക്കും എന്ന വിലയിരുത്തല്‍ ആശ്വാസകരമാണ്. എങ്കിലും നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഛിന്നഗ്രഹത്തിന്‍റെ പാത വിടാതെ പിന്തുടരും. ഡിസംബര്‍ 3നാണ് 447755 (2007 JX) ഛിന്നഗ്രഹം ഭൂമിക്ക് ഏറ്റവും അരികിലേക്ക് പ്രവേശിക്കുക. 2007ലാണ് ഈ ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്.  ഡിസംബര്‍ 3ന് മറ്റൊരു ഛിന്നഗ്രഹം കൂടി ഭൂമിക്ക് അടുത്തെത്തുന്നുണ്ട്. 62 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹത്തിന്‍റെ പേര് 2024 WL6 എന്നാണ്. ഈ ഛിന്നഗ്രഹവും ഭൂമിക്ക് ഭീഷണിയാവാതെ കടന്നുപോകും എന്നാണ് വിലയിരുത്തല്‍. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും 2024 ഡബ്ല്യൂഎല്‍ 6ന് ഭൂമിയുമായി 938,000 മൈല്‍ അകലമുണ്ടാകും.  എല്ലാ ഛിന്നഗ്രഹവും ഭൂമിക്ക് ഭീഷണിയല്ല ഭൂമിക്ക് 4.6 ദശലക്ഷം മൈല്‍ (75 ലക്ഷം കിലോമീറ്റര്‍) അടുത്തെത്തുന്ന ഛിന്നഗ്രഹങ്ങളെ കുറിച്ച് നാസ പതിവായി മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ അകലത്തിലെത്തുന്ന കുറഞ്ഞത് 150 മീറ്ററെങ്കിലും വലിപ്പമുള്ള ഛിന്നഗ്രഹങ്ങളേ ഭൂമിക്ക് ഭീഷണി സൃഷ്ടിക്കാന്‍ സാധ്യതയുള്ളൂ. സഞ്ചാരപാതയിലെ നേരിയ വ്യത്യാസം പോലും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാമെന്നിരിക്കേ അപകടകാരികളല്ലാത്ത ഛിന്നഗ്രഹങ്ങളെ പോലും നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി അതീവ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കാറുള്ളത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button