പാകിസ്ഥാനിലെ യൂണിവേഴ്സിറ്റി ഓഫ് ജിഹാദ് എന്നറിയപ്പെടുന്ന മദ്റസയിൽ വെള്ളിയാഴ്ച ചാവേർ സ്ഫോടനം,മതനേതാവടക്കം 5 മരണം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ നൗഷേര ജില്ലയിലെ യൂണിവേഴ്സിറ്റി ഓഫ് ജിഹാദ് എന്നറിയപ്പെടുന്ന ഇസ്ലാമിക് മതപാഠശാലയുടെ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഫ്ഗാൻ താലിബാൻ നേതാക്കൾ പഠിച്ചിരുന്ന നൗഷേരയിലെ അകോറ ഖട്ടക് ടൗണിലെ സെമിനാരിയായ ദാർ-ഉൽ-ഉലൂം ഹഖാനിയ സ്കൂൾ മേധാവി മൗലാന ഹമീദ്-ഉൽ-ഹഖ് ഹഖാനിയും മരിച്ചവരിൽ ഉൾപ്പെടുന്നു. താലിബാൻ്റെ സ്ഥാപകനായ മുല്ല ഒമറും ഈ മതപാഠശാലയിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. നിലവിലെ അഫ്ഗാൻ താലിബാൻ നേതാക്കളായ അമീർ ഖാൻ മുത്താഖി, സിറാജുദ്ദീൻ ഹഖാനി, അബ്ദുൽ ലത്തീഫ് മൻസൂർ, മൗലവി അഹമ്മദ് ജാൻ, മുല്ല ജലാലുദ്ദീൻ ഹഖാനി, മൗലവി ഖലാമുദീൻ, ആരിഫുള്ള ആരിഫ്, മുല്ല ഖൈറുല്ല ഖൈർഖ്വ എന്നിവരും ഇവിടെ നിന്ന് വിദ്യാഭ്യാസം നേടിയവരാണ്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ ആളുകൾ പള്ളിയിൽ നിന്ന് പുറത്തേക്ക് പോകുമ്പോഴാണ് പ്രധാന പ്രാർത്ഥനാ ഹാളിൽ സ്ഫോടനം ഉണ്ടായത്. ചാവേർ ആക്രമണമാണ് നടന്നതെന്ന് പൊലീസ് മേധാവി സുൽഫിക്കർ ഹമീദ് സ്ഥിരീകരിച്ചു. മൂന്ന് പോലീസുകാർക്കും പരിക്കേറ്റു. ആക്രമണം നടന്നപ്പോൾ ഒരു ഡസനിലധികം പൊലീസ് ഉദ്യോഗസ്ഥർ പള്ളിയിൽ കാവൽ നിന്നിരുന്നു. ഹമീദ് ഹഖാനി ആയിരുന്നു ആക്രമികളുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. റമദാനിന് മുന്നോടിയായിവെള്ളിയാഴ്ച നടന്ന ആക്രമണത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പ്രസിഡന്റ് ആസിഫ് അലി സർദാരിയും അപലപിച്ചു. പ്രാർത്ഥനയ്ക്കിടെയായിരുന്നു പൊട്ടിത്തെറിച്ചിരുന്നതെങ്കിൽ മരണസംഖ്യ വളരെ കൂടുതലാകുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പാകിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഈ മദ്റസക്കെതിരെ ആരോപണമുണ്ടായിരുന്നു.
