Entertaiment

500 കോടി ക്ലബ്ബ്! മോഹന്‍ലാലിനെയും മറികടന്ന് മമ്മൂട്ടി; കൊവിഡ് അനന്തര ബോക്സ് ഓഫീസിലെ സര്‍പ്രൈസ്

സിനിമകളെയും സിനിമാപ്രവര്‍ത്തകരെയും സംബന്ധിച്ച് ബോക്സ് ഓഫീസ് കണക്കുകള്‍ക്ക് ഇന്ന് മുന്‍പത്തേക്കാള്‍ പ്രാധാന്യമുണ്ട്. താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമൊക്കെ തങ്ങള്‍ പ്രവര്‍ത്തിച്ച ചിത്രങ്ങളുടെ ജയപരാജയങ്ങള്‍ എക്കാലവും പ്രധാനമായിരുന്നുവെങ്കിലും കളക്ഷന്‍ കണക്കുകള്‍ക്ക് ഇത്രയും പ്രാധാന്യം വന്ന മറ്റൊരു കാലം ഇല്ല. പണ്ട് സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച ദിവസങ്ങളാണ് പ്രാധാന്യത്തോടെ പരസ്യ പോസ്റ്ററുകളില്‍ ഇടംപിടിച്ചിരുന്നതെങ്കില്‍ ഇന്ന് ആ സ്ഥാനത്ത് ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച കണക്കുകളാണ്. ഇപ്പോഴിതാ മലയാളത്തിലെ ഏറ്റവും വലിയ രണ്ട് താരങ്ങളുടെ കൗതുകകരമായ ഒരു ബോക്സ് ഓഫീസ് പട്ടിക പുറത്തെത്തിയിരിക്കുകയാണ്. കൊവിഡ് കാലത്തിന് ശേഷമുള്ള മമ്മൂട്ടി. മോഹന്‍ലാല്‍ ചിത്രങ്ങളുടെ ആകെ കളക്ഷനും അവയുടെ വിലയിരുത്തലുമാണ് അത്. ഇത് പ്രകാരം കൊവിഡ് കാലത്തിന് ശേഷമുള്ള തിയറ്റര്‍ റിലീസുകളില്‍ നിന്ന് മമ്മൂട്ടി ചിത്രങ്ങള്‍ 500 കോടിയില്‍ അധികം നേടിയിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ 500 കോടി പിന്നിട്ടിട്ടില്ല. കൊവിഡിന് ശേഷം തിയറ്റര്‍ റിലീസുകള്‍ കൂടുതല്‍ ഉണ്ടായിരുന്നത് മമ്മൂട്ടിക്കാണ്. ദി പ്രീസ്റ്റ് മുതല്‍ അവസാനമിറങ്ങിയ ബസൂക്ക വരെ മമ്മൂട്ടിയുടേതായി 13 ചിത്രങ്ങളാണ് ഇക്കാലയളവില്‍ പുറത്തെത്തിയത്. മോഹന്‍ലാലിന്‍റേതാവട്ടെ എട്ട് ചിത്രങ്ങള്‍ മാത്രവും. മരക്കാര്‍ മുതല്‍ മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റ് ആയി മാറിയ എമ്പുരാന്‍ വരെയുള്ള മോഹന്‍ലാല്‍ ചിത്രങ്ങള്‍ നേടിയ ആകെ കളക്ഷന്‍ 478 കോടിയാണ്. ട്രാക്കര്‍മാരായ സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസ് ആണ് ഇത് സമാഹരിച്ചിരിക്കുന്നത്.  ഇക്കൂട്ടത്തില്‍ മമ്മൂട്ടിക്ക് ഏറ്റവും കുറവ് കളക്ഷന്‍ ലഭിച്ചത് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിന് ആയിരുന്നെങ്കില്‍ മോഹന്‍ലാലിന് ഏറ്റവും കുറവ് കളക്ഷന്‍ ലഭിച്ചത് ഷാജി കൈലാസ് ചിത്രം എലോണിന് ആയിരുന്നു. നന്‍പകല്‍ 10.2 കോടിയാണ് നേടിയതെങ്കില്‍ എലോണ്‍ നേടിയത് 1.1 കോടി ആയിരുന്നു. ഒടിടി റിലീസ് ആയി പ്ലാന്‍ ചെയ്തിരുന്ന എലോണ്‍ പിന്നീട് തിയറ്ററുകളിലേക്ക് എത്തുകയായിരുന്നു. മോഹന്‍ലാല്‍ മാത്രം അഭിനേതാവായി എത്തിയ ചിത്രമായിരുന്നു അത്. അതേസമയം ഏറ്റവും കളക്ഷന്‍ ലഭിച്ച മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ ആണെങ്കില്‍ മമ്മൂട്ടിയ്ക്ക് അത് ഭീഷ്മ പര്‍വ്വമാണ്, എമ്പുരാന്‍ കളക്ഷന്‍ 262 കോടി ആയിരുന്നെങ്കില്‍ ഭീഷ്മയുടെ നേട്ടം 88.1 കോടിയാണ്. അതേസമയം സിനിമകളുടെ എണ്ണം കുറവായതിനാല്‍ മോഹന്‍ലാലിനാണ് മികച്ച അവറേജ് ഗ്രോസ്. 60 കോടിയാണ് കൊവിഡ് അനന്തര കാലത്ത് മോഹന്‍ലാല്‍ ചിത്രങ്ങള്‍ തിയറ്ററുകളില്‍ നേടിയ ആവറേജ് കളക്ഷന്‍. എന്നാല്‍ മമ്മൂട്ടിയെ സംബന്ധിച്ച് ഇത് 39 കോടിയാണ്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button