Kerala

അനന്തുവിൻ്റെ അക്കൗണ്ടുകളിലേക്ക് എത്തിയത് 548 കോടി; പണം വന്നവഴിയും ഉന്നതബന്ധവും കണ്ടെത്തണം, കസ്റ്റഡിയിൽ വിട്ടു

കൊച്ചി: പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തുവിന്റെ സോഷ്യൽ ബീ വെൻചേഴ്സ് എന്ന സ്ഥാപനത്തിലെ അക്കൗണ്ടുകളിലേക്ക് 548 കോടി രൂപ എത്തിയതായി ക്രൈം ബ്രാഞ്ച്. പണം വന്ന വഴിയും ഉന്നത ബന്ധവും കണ്ടെത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തിൽ അനന്തുവിനെ 2 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. അന്വേഷണവുമായി സഹകരിക്കും എന്നായിരുന്നു അനന്തുവിൻറെ പ്രതികരണം. പാതിവിലക്ക് ഉത്പന്നങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണൻ കോടികൾ തട്ടിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. 20163 പേരിൽ നിന്ന് 60000 രൂപ വീതവും, 4035 പേരിൽ നിന്ന് 56000 രൂപ വീതവും കൈപറ്റി എന്നാണ് ഇതുവരെ ഉള്ള കണക്കുകൾ. അനന്തുവിന്റെ പേരിലുള്ള 21 ബാങ്ക് അക്കൗണ്ടുകളിലേക്ക് 143. 5 കോടി രൂപ വന്നു. അനന്തുവിന്റെ സോഷ്യൽ ബീ വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിന്റെ 11 അക്കൗണ്ടുകളിലേക്ക് 2024 ഫെബ്രുവരി മുതൽ ഒക്ടോബർ വരെ 548 കോടി രൂപ എത്തി. അനന്തുവിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കോടികളുടെ ഉറവിടം കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. മൂവാറ്റുപുഴ കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് അനന്തു സമാഹരിച്ച കോടികളുടെ വിവരങ്ങൾ ക്രൈംബ്രാഞ്ച് അക്കമിട്ട് നിരത്തിയത്. കസ്റ്റഡിയിൽ വാങ്ങിയ അനന്തുവിനെ കൊച്ചിയിലെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യും. ഇതിനുശേഷം തട്ടിപ്പ് നടന്ന വിവിധ മേഖലകളിലെത്തിച്ച് ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തും. ബുധനാഴ്ച വൈകിട്ട് അനന്തുവിനെ തിരികെ കോടതിയിൽ ഹാജരാക്കണം. ആദ്യം കേസന്വേഷിച്ച മൂവാറ്റുപുഴ പൊലീസിന്റെ കണ്ടെത്തലുകൾ ഉൾപ്പെടെ വച്ച് വിശദമായ ചോദ്യംചെയ്യലിനാണ് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നത്. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button