55 കിലോയുള്ള നവീൻ ബാബു തൂങ്ങിമരിച്ചത് കനം കുറഞ്ഞ കയറില്‍; കൊന്ന് കെട്ടിതൂക്കിയതായി സംശയിക്കുന്നതായി കുടുംബം
കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ ദുരൂഹമരണത്തില്‍ ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കുടുംബം
നവീൻ ബാബുവിന്റെ അടിവസ്ത്രത്തില്‍ കണ്ട രക്തക്കറയെ കുറിച്ച് കാര്യമായ അന്വേഷണം ഉണ്ടായില്ലന്ന് ഹർജിക്കാരി മഞ്ജുഷ കോടതിയെ അറിയിച്ചു. ശരിയായ വിധത്തിലുള്ള പോസ്റ്റുമോർട്ടം നടന്നിട്ടില്ലെന്നും കനം കുറഞ്ഞ കയറില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് നവീൻ ബാബുവിനെ കണ്ടെത്തിയതെന്നും കുടുംബം വാദിച്ചു.
55 കിലോഗ്രാം ഭാരമുള്ള നവീൻ ബാബു ഇത്രയും ചെറിയ കയറില്‍ തൂങ്ങിമരിച്ചെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. കൊലപാതകം നടത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് സംശയിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇതെന്നും ഹർജിക്കാരി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഇക്കാര്യങ്ങള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.
ഇൻക്വസ്റ്റ് റിപ്പോർട്ടില്‍ കഴുത്തില്‍ പാട് ഉണ്ടായിരുന്നുവെന്നും അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ ഇക്കാര്യങ്ങളില്ല. ഡോക്ടർമാർ മനപ്പൂർവ്വം വിട്ടുകളഞ്ഞതാണോയെന്ന സംശയമുണ്ടെന്നും കുടുംബം വാദിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോർട്ടം നടത്തുന്നതിന് തങ്ങള്‍ക്ക് എതിർപ്പുണ്ടെന്ന് പറഞ്ഞിരുന്നു. പോസ്റ്റുമോർട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇത് പരിഗണിക്കാതെയാണ് പോസ്റ്റുമോർട്ടം ചെയ്തത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യയാണ് ജയില്‍ മോചിതയായ പി പി ദിവ്യയെ സ്വീകരിക്കാനെത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് വിവരാവരകാശ അപേക്ഷകളിലൊന്നും മറുപടി നല്‍കുന്നില്ലെന്നും കുടുംബം കോടതിയെ അറിയിച്ചു.