ഒരൊറ്റ മിനിറ്റിനിടെ നാവുപയോഗിച്ച് നിര്‍ത്തിയത് 57 കറങ്ങുന്ന ഫാനുകള്‍! തെലങ്കാനക്കാരന് ഗിന്നസ് വേള്‍ഡ് റെക്കോഡ്, വീഡിയോ വൈറൽ
ഗിന്നസ് വേൾഡ് റെക്കോർഡ് നേടുന്നതിന് വേണ്ടി ആളുകൾ തികച്ചും വ്യത്യസ്തമായ പല കാര്യങ്ങളും ചെയ്യാറുണ്ട്. ചിലതൊക്കെ കാണുമ്പോൾ എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് നമുക്ക് പോലും ചോദിക്കാനും തോന്നാറുണ്ട്. എന്തൊക്കെ പറഞ്ഞാലും വ്യത്യസ്തമായ അനേകം കാര്യങ്ങൾ ഇതുപോലെ ഗിന്നസ് വേൾഡ് റെക്കോർഡിന്റെ കാര്യത്തിൽ നമുക്ക് കാണാം. അതുപോലെ ഒരു കാര്യം ചെയ്തതിനാണ് തെലങ്കാനയിൽ നിന്നുള്ള ഈ യുവാവും ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിരിക്കുന്നത്. ഒരു മിനിറ്റിനുള്ളിൽ 57 വൈദ്യുത ഫാനുകൾ തന്റെ നാവുകൊണ്ട് നിർത്തിയതിനാണ് തെലങ്കാനയിലെ സൂര്യപേട്ട സ്വദേശിയായ ക്രാന്തി കുമാർ പണികേര ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. ലോക റെക്കോർഡ് നേടുന്നതിന് വേണ്ടിയുള്ള ക്രാന്തി കുമാറിന്റെ പ്രകടനം കണ്ടവർ കണ്ടവർ തരിച്ച് നിന്നുപോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നേരിട്ട് കണ്ടവർ മാത്രമല്ല, ഗിന്നസ് വേൾഡ് റെക്കോർഡ് ഔദ്യോഗികപേജ് പങ്കുവച്ച വീഡിയോ കണ്ടവരും അമ്പരന്നു പോയി. ഗിന്നസ് വേൾഡ് റെക്കോർഡ് പങ്കിട്ടിരിക്കുന്ന വീഡിയോയിൽ ക്രാന്തി കുമാർ അതിവേഗത്തിൽ ഓരോ ഫാനിന്റെ അടുത്തെത്തുന്നതും തന്റെ നാവ് കൊണ്ട് ഫാനിൽ തൊടുന്നതും ഫാനിന്റെ പ്രവർത്തനം നിലയ്ക്കുന്നതും കാണാം. എന്തായാലും, വീഡിയോയും എക്സിൽ (ട്വിറ്ററിൽ) ശ്രദ്ധിക്കപ്പെട്ടു. 18 മില്ല്യൺ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. അനേകം പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയതും.
എങ്ങനെയാണ് ഇത് ലോക റെക്കോർഡ് നേടാനുള്ള ഒരു കാര്യമായിത്തീരുന്നത് എന്നതായിരുന്നു ചിലരുടെ സംശയം. മറ്റ് ചിലർ ചോദിച്ചത്, എന്നാലും എങ്ങനെയാവും തന്റെ നാവുകൊണ്ട് ഫാനുകളുടെ പ്രവർത്തനം നിർത്താം എന്ന് ഇയാൾ മനസിലാക്കിയിട്ടുണ്ടാവുക എന്നാണ്. ഗിന്നസ് വേൾഡ് റെക്കോർഡ് ഇത്തരം കാര്യങ്ങൾക്ക് അംഗീകാരം കൊടുക്കുന്നത് നിർത്തണം എന്ന് അഭിപ്രായപ്പെട്ടവരും ഒരുപാട് ഉണ്ട്.