57 -കാരി തേടിയത് പ്രണയം, ആദ്യം പരിചയപ്പെട്ടത് വില്യം, പിന്നെ നെൽസൺ; പറ്റിക്കപ്പെട്ടതിങ്ങനെ, നഷ്ടം കോടികൾ

33 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചതിനെ തുടർന്ന് 2018 -ലാണ് 57 വയസ്സുള്ള ആനെറ്റ് ഫോർഡ് ഓൺലൈൻ ഡേറ്റിംഗ് ആപ്പിൽ ഒരു കൂട്ടുകാരനെ തിരയുന്നത്. ഓസ്ട്രേലിയയിലെ പെർത്തിൽ നിന്നുള്ള ആനെറ്റ് ‘പ്ലെൻ്റി ഓഫ് ഫിഷ്’ എന്ന ഡേറ്റിംഗ് സൈറ്റിലാണ് എത്തിപ്പെട്ടത്. അതിലൂടെയാണ് അവൾ വില്യം എന്നയാളെ പരിചയപ്പെടുന്നത്. എന്നാൽ, സംഭവിച്ചത് തീരെ പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളായിരുന്നു. അവളുടെ ജീവിതം തന്നെ കീഴ്മേൽ മറിഞ്ഞു. വില്യത്തിനെ പരിചയപ്പെട്ട ആനെറ്റ് അയാളുമായി നിരന്തരം ചാറ്റ് ചെയ്യാൻ തുടങ്ങി. നല്ല രീതിയിലാണ് രണ്ടുപേരുടെയും സൗഹൃദം മുന്നോട്ട് പോയതും. എന്നാൽ, പതിയെ പതിയെ വില്യം അവളുടെ വിശ്വാസം ആർജ്ജിച്ചു. പിന്നെ, പല കാര്യങ്ങളും പറഞ്ഞ് അവളിൽ നിന്നും പണം തട്ടിയെടുക്കാൻ തുടങ്ങി. ആദ്യമായി ആവശ്യപ്പെട്ടത് 2.75 ലക്ഷം രൂപ (5000 ഡോളർ) ആണ്. മലേഷ്യയിലെ ക്വാലാലംപൂരിൽ വച്ച് തൻ്റെ പേഴ്സ് മോഷ്ടിക്കപ്പെട്ടു എന്നായിരുന്നു കാരണം പറഞ്ഞത്. താൻ ജോലി ചെയ്യുകയായിരുന്ന സൈറ്റിന് പുറത്തുവച്ച് തന്റെ വാലറ്റും കാർഡുകളും മോഷണം പോയി, എങ്ങനെയെങ്കിലും ഈ പണം അയച്ചു തരണം എന്ന് വില്യം അവളോട് അപേക്ഷിക്കുകയായിരുന്നു. അങ്ങനെ അയാൾ ആവശ്യപ്പെട്ടത് പ്രകാരം പിന്നീട് പല തവണയായി അവൾ മെഡിക്കൽ ബിൽ, ഹോട്ടൽ ബിൽ, അയാളുടെ ജോലിക്കാർക്ക് നൽകാനുള്ള തുക എന്നിങ്ങനെ വിവിധ തരത്തിൽ പണം അയച്ചു കൊടുത്തു. താൻ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് മനസ്സിലാക്കിയപ്പോഴേക്കും ആനെറ്റിന് 1.6 കോടി രൂപ നഷ്ടപ്പെട്ടിരുന്നു. അവൾ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസിൽ റിപ്പോർട്ട് ചെയ്‌തെങ്കിലും വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചില്ലത്രെ. എന്നാൽ, ഇതുകൊണ്ടും തീർന്നില്ല. പിന്നീട് അവൾ ഫേസ്ബുക്കിൽ നെൽസൺ എന്നൊരാളെ പരിചയപ്പെട്ടു. എഫ്‍ബിഐയിലുള്ള തന്റെ സുഹൃത്തിന്റെ അത്യാവശ്യത്തിന് എന്ന് പറഞ്ഞ് അയാൾ അവളോട് അപേക്ഷിച്ചത് 2,16,426 രൂപ കൊടുക്കാനാണ്. ആദ്യം അവൾ സമ്മതിച്ചില്ല. എന്നാൽ, ബിറ്റ്കോയിൻ എടിഎമ്മിൽ ഇട്ടാൽ മതി എന്ന് അയാൾ ആനെറ്റിനോട് പറഞ്ഞു. എന്നാൽ, പണമിട്ട് നിമിഷങ്ങൾക്കുള്ളിൽ 1.5 കോടി രൂപകൂടി അവൾക്ക് നഷ്ടപ്പെട്ടു. ഇപ്പോൾ, ജീവിതത്തിലെ എല്ലാ സമ്പാദ്യവും നഷ്ടപ്പെട്ട അവസ്ഥയിലാണ് ആനെറ്റ്. കിടപ്പാടം പോലും ഇല്ലാതായി. മറ്റുള്ളവരോട് ശ്രദ്ധിക്കണമെന്നും ഇങ്ങനെ സംഭവിക്കാതെ നോക്കണമെന്നും ഉപദേശിക്കുകയാണ് അവൾ.
