NationalSpot light

നായയ്‍ക്ക് മാസം ചെലവിന് വേണം 60,000 രൂപ, സ്വന്തമാക്കണമെങ്കിൽ വേണം എട്ടുലക്ഷം

മനുഷ്യന് സങ്കൽപ്പിക്കാൻ കഴിയുന്നതിലും വലിയ ആഡംബരത്തിൽ ജീവിക്കുന്നതും ലക്ഷങ്ങൾ വിലമതിക്കുന്നതുമായ വളർത്തുമൃഗങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരത്തിൽ ഒരു നായയാണ് ഇത്. ഈ നായയെ സ്വന്തമാക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് 8 ലക്ഷം രൂപയെങ്കിലും വേണം.  തീർന്നില്ല, ഇതിന്റെ ഒരു മാസത്തെ പരിപാലനത്തിന് ചെലവാകുന്ന തുക ഒരു ഇടത്തരം കുടുംബത്തിന്റെ ഒരു മാസത്തെ വരുമാനത്തിലും കൂടുതലാണ്. അതായത് ഓരോ മാസവും ഈ നായയുടെ പരിപാലനത്തിന് അറുപതിനായിരം രൂപയിലും കൂടുതൽ ചിലവാകും. പ്രത്യേക ഭക്ഷണം, പ്രത്യേക താമസം എന്നിവയ്ക്ക് പുറമേ താമസിക്കാൻ എസി നിർബന്ധമാണ് കക്ഷിയ്ക്ക്.  ഇതാരാടാ ഈ വിഐപി എന്നാണ് ചോദ്യമെങ്കിൽ? കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ് എന്ന് അറിയപ്പെടുന്ന ഇനത്തിൽപ്പെട്ട നായയാണ് ഈ ആഡംബരപ്രിയൻ. മുമ്പ് ബംഗളൂരു സ്വദേശിയായ ഒരാൾ 20 കോടി രൂപയ്ക്ക് ഈ ഇനത്തിൽപ്പെട്ട നായയെ വാങ്ങിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് ഡൽഹിയിൽ നടന്ന പെറ്റ് ഫെഡ് ഇന്ത്യ ഇവൻ്റിൽ പങ്കെടുപ്പിക്കുന്നതിനായി ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ നിവാസിയായ വിനായക് പ്രതാപ് സിംഗ് ഈ ഇനത്തിൽപ്പെട്ട തൻ്റെ നായയെ കൊണ്ടുവന്നതോടെയാണ് വാർത്തകളിൽ കക്ഷി വീണ്ടും ഇടം പിടിച്ചത്. കാഴ്ചയിൽ ആക്രമണകാരിയായി തോന്നുമെങ്കിലും    കൃത്യമായ പരിശീലനം ലഭിച്ചിട്ടുണ്ടെങ്കിൽ ഈ നായ അത്ര അപകടകാരിയല്ല. മാത്രമല്ല മനുഷ്യനുമായി വളരെ വേഗത്തിൽ ഇണങ്ങുകയും ചെയ്യും. വിനായക് പ്രതാപ് സിംഗിൻ്റെ  ഈ കൊക്കേഷ്യൻ ഷെപ്പേർഡ് നായയുടെ പേര് തോർ എന്നാണ്. അമേരിക്കയിൽ നിന്നുമാണ് താൻ തോറിനെ സ്വന്തമാക്കിയത് എന്ന് വിനായക്  സൂചിപ്പിച്ചു. തോറിന് കൂട്ടായി ഇതേ ഇനത്തിൽപ്പെട്ട ഒരു പെൺനായ കൂടി തനിക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോറിന് 72 കിലോ ഭാരവും 75 സെൻ്റീമീറ്റർ ഉയരവുമുണ്ട്. മാംസവും നായ്ക്കൾക്കായുള്ള പ്രത്യേക ഭക്ഷണവും ദിവസത്തിൽ മൂന്നു തവണ വീതം തോർ കഴിക്കും എന്നാണ് നായയുടെ ജീവിതരീതി വിശദീകരിച്ചുകൊണ്ട് വിനായക് പറഞ്ഞത്. ഒരു ദിവസം 250 ഗ്രാം ചിക്കൻ തോറിന് നിർബന്ധമാണ്. കുളിപ്പിക്കാൻ ആവശ്യമായ ഷാംപൂ, കൃത്യമായ വൈദ്യ പരിശോധന, താമസിക്കാനും മറ്റുമായുള്ള സൗകര്യങ്ങൾ എന്നിവയ്ക്കൊക്കെയായി പ്രതിമാസ ചെലവ് 50,000 മുതൽ 60,000 രൂപ വരെയാണ്.   വേനൽക്കാലത്ത്, തോറിന് ഇന്ത്യയിലെ ചൂട് സഹിക്കാൻ കഴിയാത്തതിനാൽ ഒരു എയർകണ്ടീഷണറും കൂളറും നിർബന്ധമാണ്. തണുപ്പ് രാജ്യങ്ങളിലുള്ള ഇനത്തിൽപ്പെട്ട നായ ആയതിനാൽ തണുപ്പുകാലത്ത് ഇതിന് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടാകാറില്ല എന്നും എന്നാൽ ചൂടുകാലം ഏറെ ബുദ്ധിമുട്ട് നിറഞ്ഞതാണെന്നും വിനായക് വ്യക്തമാക്കി. ചൂടുകാലത്ത് കുടിക്കാൻ തണുത്ത വെള്ളം നൽകുകയും കൂടാതെ ദിവസത്തിൽ മൂന്ന് തവണ കുളിപ്പിക്കുകയും ചെയ്യണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button