CrimeKerala

തട്ടുകടയിൽ ചായ കുടിക്കാനെത്തിയപ്പോൾ കണ്ട കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; 64കാരന് 19 വർഷം കഠിന തടവ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വയോധികന് 19 വർഷം കഠിന തടവും 35000 രൂപ പിഴയും വിധിച്ച് കോടതി. പളളിച്ചൽ ചാമവിള സ്വദേശി വിശ്വനാഥനാണ് (64) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ 10 മാസം അധിക തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.  2020ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മകളുടെ വീട്ടിൽ താമസത്തിനെത്തിയ ഇയാൾ സമീപത്തെ തട്ടുകടയിൽ ചായ കുടിക്കാനായി എത്തിയപ്പോൾ  അവിടെ കണ്ട കുട്ടിയെ കടയ്ക്ക് സമീപത്തെ പണിതീരാത്ത വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയതാണ് പരാതി. വീട്ടിൽ പറഞ്ഞാൽ അമ്മയെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാൾ പലയാവർത്തി കുട്ടിയെ പീഡിപ്പിച്ചു. ഒരു ദിവസം കുട്ടിയെ സംശയാസ്പദമായി കണ്ട അമ്മ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.  പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി ആർ പ്രമോദ് ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 22 സാക്ഷികളെ വിസ്തരിച്ചു. 26 രേഖകളും 2 തൊണ്ടിമുതലും കോടതിയിൽ ഹാജരാക്കി. അന്നത്തെ കാട്ടാക്കട സബ് ഇൻസ്പെക്ടർമാരായ വി ഷിബു, സുനിൽ ഗോപി എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button