Spot light

9 പെൺമക്കൾ, എല്ലാവരുടേയും പേരിന്റെ അവസാനം ‘ഡി’ എന്ന അക്ഷരം, ഇതിന് പിന്നിലൊരു കഥയുണ്ട്

എല്ലാ മക്കൾക്കും ഒരേ അക്ഷരത്തിൽ അവസാനിക്കുന്ന പേര് നൽകുക. ചൈനയിൽ നിന്നുള്ള ഒരു ദമ്പതികളാണ് തങ്ങളുടെ ഒമ്പത് പെൺമക്കൾക്കും ഒരേപോലുള്ള പേര് തന്നെ‌ നൽകിയത്. ‘ഡി’ എന്ന ചൈനീസ് അക്ഷരത്തിൽ അവസാനിക്കുന്നതാണ് പേരുകൾ.  ‘ഡി’ എന്നതിന്റെ അർത്ഥം സഹോദരനുമായി ബന്ധപ്പെട്ട് നിൽക്കുന്നതാണത്രെ. ജിയാങ്‌സു പ്രവിശ്യയിലെ ഹുവായാനിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ജി എന്നയാളുടെ വീട്. ജിക്ക് ഡി എന്ന അക്ഷരത്തിലവസാനിക്കുന്ന പേരുകളുള്ള ഒമ്പത് പെൺമക്കളാണ് ഉള്ളത്. ജിയുടെ മൂത്ത മകളും ഇളയമകളും തമ്മിൽ 20 വയസ്സിന്റെ പ്രായവ്യത്യാസം ഉണ്ട്.  ജിയുടെ മകൾ സിയാങ്‌ഡി അവിടുത്തെ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമിൽ തന്റെയും കുടുംബത്തിന്റെയും ജീവിതകഥകൾ ഷെയർ ചെയ്യാൻ തുടങ്ങിയതോടെയാണ് ജിയുടെ കുടുംബം ശ്രദ്ധ നേടിയത്.  സൗത്ത് ചൈന മോർണിംഗ് പോസ്റ്റിനോട് സംസാരിക്കവെ സിയാങ്ഡി പറഞ്ഞത്, ‘തന്റെ അച്ഛന് ഒരു ആൺകുട്ടി വേണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ഒമ്പത് മക്കൾ ജനിച്ചത്. എന്നാൽ, എല്ലാം പെൺമക്കളായിരുന്നു. പക്ഷേ, പെൺമക്കളായിരുന്നുവെങ്കിലും വളരെയധികം സ്നേഹത്തോടെയാണ് മാതാപിതാക്കൾ തങ്ങളെ നോക്കുന്നത്. അവർ ഒരിക്കലും ഞങ്ങളോട് മോശമായി പെരുമാറിയിട്ടില്ല. ഞങ്ങളുടെയീ വലിയ കുടുംബം വലിയ സന്തോഷത്തോടെയാണ് ഒരുമിച്ച് ജീവിക്കുന്നത്. പെൺമക്കൾക്ക് എന്താണ് കുഴപ്പം, എനിക്ക് പെൺകുട്ടികളെ ഇഷ്ടമാണ്, അവരെ ഞാൻ പരമാവധി പഠിപ്പിക്കും എന്ന് അച്ഛൻ പലപ്പോഴും അമ്മയോട് പറയുമായിരുന്നു’ എന്നാണ്. ചൈനയിൽ എപ്പോഴും പ്രായമായ അച്ഛനമ്മമാരെ നോക്കുക ആൺമക്കളാണ് എന്ന ചിന്ത നിലനിൽക്കുന്നുണ്ട്. എന്നാൽ, തന്റെ അച്ഛൻ അങ്ങനെ കരുതുന്നില്ല എന്നും പറ്റുംപോലെ മക്കളെ പഠിപ്പിക്കാനാണ് അച്ഛൻ ശ്രമിക്കുന്നത് എന്നും സിയാങ്ഡി പറയുന്നു.  തന്റെ സഹോദരിമാരെല്ലാം അടികൂടിയും സ്നേഹിച്ചും പരസ്പരം ശ്രദ്ധിച്ചും ഒക്കെയാണ് വളർന്നത്. അവർ തനിക്ക് സുഹൃത്തുക്കൾ കൂടിയാണ് എന്നും സിയാങ്ഡി പറഞ്ഞു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button