2000 രൂപയുടെ 98.18 ശതമാനം നോട്ടുകളും തിരിച്ചെത്തി, ഇനി ബാക്കിയുള്ളത് വെറും 6,471 കോടിയുടെ നോട്ടുകള്‍ -ആര്‍ബിഐ

മുംബൈ: 2000 രൂപ നോട്ടുകളുടെ 98.18 ശതമാനവും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക്. 6,471 കോടി രൂപയുടെ നോട്ടുകൾ മാത്രമേ ഇനി തിരിച്ചെത്താനുള്ളൂവെന്ന് റിസർവ് ബാങ്ക് ശനിയാഴ്ച അറിയിച്ചു. 2023 മെയ് 19 നാണ് 2000 രൂപ മൂല്യമുള്ള നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. 2023 മെയ് 19 ന് 3.56 ലക്ഷം കോടി രൂപയായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം. പിന്നാൽ പിൻവലിച്ച് രണ്ട് വർഷം തികയാറാകുമ്പോൾ 6,471 കോടി രൂപയായി കുറഞ്ഞുവെന്ന് ആർബിഐ അറിയിച്ചു. 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനും മാറ്റി നൽകാനുമുള്ള സൗകര്യം 2023 ഒക്ടോബർ 7 വരെ എല്ലാ ബാങ്ക് ശാഖകളിലും ലഭ്യമായിരുന്നു. റിസർവ് ബാങ്കിന്റെ 19 ഇഷ്യു ഓഫീസുകളിലും ഈ സൗകര്യം ഇപ്പോഴും ലഭ്യമാണ്. 2023 ഒക്ടോബർ 9 മുതൽ, ആർബിഐ ഇഷ്യൂ ഓഫീസുകൾ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനായി 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നുണ്ട്.
