മെലിഞ്ഞിട്ടാവണം, തന്നേക്കാൾ 10 വയസ് കുറവാകണം; 35 -കാരനായ പ്രൊഫസറുടെ ഡിമാന്‍ഡുകള്‍ ഇങ്ങനെ, വന്‍ വിമർശനം

ഭാവി ജീവിതപങ്കാളിയെ കുറിച്ച് പലതരത്തിലുള്ള ആഗ്രഹങ്ങൾ പലരും പ്രകടിപ്പിക്കാറുണ്ട്. എന്നാൽ, ഇതാദ്യമായിരിക്കാം ഒരാൾ തന്റെ ജീവിത പങ്കാളിക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളായി ഇത്തരത്തിൽ ഒരു പട്ടിക നിരത്തുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, സെജിയാങ് സർവകലാശാലയിലെ സ്കൂൾ ഓഫ് മാർക്സിസത്തിലെ അസോസിയേറ്റ് പ്രൊഫസറായ ലൂ എന്ന വ്യക്തിയാണ് ഒരു മാച്ച് മേക്കിംഗ് ചാറ്റ് റൂമിൽ തന്റെ മുൻഗണനകൾ വിശദീകരിച്ച് വിവാദത്തിലായത്. മാച്ച് മേക്കിംഗ് ചാറ്റ് റൂമിൽ ലൂ തന്നെ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത് 35 -കാരനായ സുന്ദരനായ ചെറുപ്പക്കാരൻ എന്നാണ്. കൂടാതെ 175 സെന്റിമീറ്റർ ഉയരവും 70 കിലോഗ്രാം ഭാരവും ഉണ്ടെന്നും ഒരു മികച്ച ചൈനീസ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും, 1 ദശലക്ഷം യുവാൻ (₹1.16 കോടി) വാർഷിക വരുമാനവും ഉണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ സെജിയാങ്ങിലെ യിവുവിൽ നിന്നുള്ള ഒരു സമ്പന്ന കുടുംബത്തിലെ ഏക മകനാണ് താനെന്നും ഇയാൾ പറയുന്നു. തൻ്റെ ജീവിതപങ്കാളിയെ കുറിച്ചുള്ള ലൂവിന്റെ കാഴ്ചപ്പാടുകളിൽ, തന്നെക്കാൾ 10 വയസ്സ് പ്രായം കുറഞ്ഞ വ്യക്തിയായിരിക്കണമെന്നും അതിനാൽ രണ്ടായിരത്തിനു ശേഷം ജനിച്ച വ്യക്തികളെയാണ് താൻ പരിഗണിക്കുക എന്നും പറയുന്നു. കൂടാതെ ഉയരം 165 നും 171 സെൻറീമീറ്ററിനും ഇടയിൽ ആയിരിക്കണം. മെലിഞ്ഞ വ്യക്തിയും അതീവ സുന്ദരിയും ആയിരിക്കണം. ചൈനയിലെ പ്രധാനപ്പെട്ട ഒമ്പത് സർവകലാശാലകളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് ഏറ്റവും കുറഞ്ഞത് ഒരു ബാച്ചിലേഴ്സ് ബിരുദമെങ്കിലും നേടിയിരിക്കണം. ഇതിന് പുറമേ ആഗോളതലത്തിൽ മികച്ച 20 റാങ്കുള്ള വിദേശ സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടിയവരെയും സാഹചര്യങ്ങൾക്കനുസരിച്ച് പരിഗണിക്കും എന്നും ലൂ വ്യക്തമാക്കി. നിയമത്തിലോ മെഡിസിനിലോ മേജർ ബിരുദം ഉള്ളവർക്ക് മുൻഗണന ഉണ്ടെന്നും ഇയാൾക്കൂട്ടി ചേർക്കുന്നു, കൂടാതെ രൂപഭംഗി, കുടുംബത്തിന്റെ സമ്പത്ത് അല്ലെങ്കിൽ വ്യക്തിപരമായ കഴിവുകൾ തുടങ്ങിയ മേഖലകളിൽ മികച്ച ഗുണങ്ങളുള്ള സ്ത്രീകൾക്ക് ചില ഇളവുകൾ അനുവദിക്കുമെന്നും ഇയാൾ പറയുന്നു. ഏതായാലും ഈ സംഭവം ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കി കഴിഞ്ഞു.
