
മലപ്പുറം: അരീക്കോട് കടുങ്ങല്ലൂരിൽ ഹണി ട്രാപ്പിലൂടെ യുവാവിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ അരീക്കോട് പൊലീസിന്റെ പിടിയിൽ. ചെമ്പ്രക്കാട്ടൂർ കുന്നത്ത് വീട്ടിൽ സഹദ് ബിനു (24), കാനാത്ത്കുണ്ടിൽ വീട്ടിൽ വിളയിൽ മുഹമ്മദ് ഇർഫാൻ (24) എന്നിവരെയാണ് അരീക്കോട് എസ് എച്ച് ഒ വി സിജിത്ത് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ ഗ്രൈൻഡർ ആപ്പ് വഴിയാണ് പരാതിക്കാരനായ യുവാവിനെ പരിചയപ്പെട്ടത്. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച പരാതിക്കാരനെ കടുങ്ങല്ലൂരിലേക്ക് വിളിച്ചുവരുത്തി ബൈക്കിൽ കയറ്റി മുണ്ടുപറമ്പിലെ കോളജിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇവിടെവെച്ച് ഇരുവരും യുവാവിനെ കെട്ടിയിട്ട് അടിച്ച് പരിക്കേൽപ്പിക്കുകയും വൃത്തികേട് ചെയ്യാനെത്തിയ കാര്യം വീട്ടുകാരെയും നാട്ടുകാരെയും അറിയിക്കുമെന്ന് ഭീഷണി പ്പെടുത്തി 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു. കൈയിൽ പണമില്ലെന്ന് അറിയിച്ചതോടെ വീണ്ടും ഭീഷണിപ്പെടുത്തി. ഇതോടെ പരാതിക്കാരൻ സുഹൃത്തിനോട് 50,000 രൂപ കടം വാങ്ങി പ്രതികളുടെ സുഹൃത്തുക്കളുടെ വിവിധ അക്കൗണ്ടുകളിലേക്ക് അയക്കുകയായിരുന്നു. ഇതോടെ പരാതിക്കാരനെ പ്രതികൾ മോചിപ്പിച്ചു. തുടർന്ന് പരാതിക്കാരൻ അരീക്കോട് പൊലീസിൽ പരാതി നൽകി. അരീക്കോട് എസ് എച്ച്ഒവി സിജിത്തിന്റെ നേതൃത്വത്തിൽ പണമയച്ച ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സഹദും ഇർഫാനും പിടിയിലായത്. ഇർഫാനും സഹദും മറ്റു കേസുകളിലും പ്രതികളാണെന്ന് അരീക്കോട് എ സ്.എച്ച്.ഒ പറഞ്ഞു.
