
കൊല്ലം: ചടയമംഗലത്ത് വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയയാളെ എക്സൈസ് പിടികൂടി. ഇടത്തറ ആലത്തറമല സ്വദേശി സുനീഷ് (25) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കടയ്ക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടുവളപ്പിൽ നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പുരയിടത്തിൽ വളർത്തിക്കൊണ്ട് വന്ന 172 സെ.മി, 86 സെമി എന്നിങ്ങനെ ഉയരമുള്ള രണ്ട് കഞ്ചാവ് ചെടികളും, ഇയാളുടെ വീട്ടിൽ നിന്നും 5 ഗ്രാം കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തു. കഞ്ചാവ് ചെടികൾ ഉദ്യോഗസ്ഥർ നശിപ്പിച്ചു. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷാജി.കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ഉണ്ണികൃഷ്ണൻ.ജി, പ്രിവന്റീവ് ഓഫീസർ ബിനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജയേഷ്, ചന്തു, ശ്രേയസ്, ഉമേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി എന്നിവർ പങ്കെടുത്തു. അതിനിടെ തലശ്ശേരി കൊടോളിപ്രത്ത് കടയിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന 15 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് പിടിച്ചെടുത്തു. അബ്ദുള്ള എന്നയാളുടെ കടയിൽ നിന്നും വീട്ടിൽ നിന്നുമായാണ് ഇവ പിടിച്ചെടുത്തത്. ഇയാളിൽ നിന്നും നിയമപ്രകാരമുള്ള പിഴ ഈടാക്കി. തുടർന്ന് വിറക് പുരയിൽ നടത്തിയ പരിശോധനയിൽ 19 ചന്ദന മുട്ടികൾ (3.15 കിലോഗ്രാം) എക്സൈസ് കണ്ടെത്തി. പിന്നീട് കൊട്ടിയൂർ റെയിഞ്ചിലെ ഇരിട്ടി സെക്ഷൻ ഫോറസ്റ്റർക്ക് കൈമാറി അബ്ദുള്ളയെ അറസ്റ്റ് ചെയ്തു.
