അനുവാദമില്ലാതെ കോഹ്ലിയുടെ ബാഗ് തുറന്ന് യുവതാരം, പെര്‍ഫ്യൂം ഉപയോഗിച്ചു; ഞെട്ടിച്ച് കോഹ്ലിയുടെ പ്രതികരണം!

സ്വദേശത്തായാലും വിദേശത്തായാലും അഗ്രഷന് പേരുകേട്ട താരമാണ് വിരാട് കോഹ്ലി. വിരാട് കോഹ്ലി എന്ന പേര് കേൾക്കുമ്പോൾ തന്നെ എതിരാളികൾക്ക് മുട്ട് വിറയ്ക്കും. കളിക്കളത്തിൽ പലപ്പോഴും എതിര്‍ ടീമിലെ താരങ്ങളോട് കയര്‍ക്കുകയും എതിരാളികളുടെ കാണികളുടെ പ്രകോപനത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകുകയുമൊക്കെ ചെയ്യുന്ന കോഹ്ലിയെ നാം നിരവധി തവണ കണ്ടിട്ടുണ്ട്. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ കോഹ്ലി തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയ്ക്ക് മറ്റെന്തിനേക്കാളുമേറെ പ്രാധാന്യം നൽകുന്ന വ്യക്തി കൂടിയാണ്. ഇപ്പോൾ ഇതാ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഡ്രസിംഗ് റൂമിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കോഹ്ലിയുടെ സഹതാരങ്ങൾ. കോഹ്ലിയുടെ അനുവാദമില്ലാതെ ആര്‍സിബിയിലെ ഒരു യുവതാരം അദ്ദേഹത്തിന്റെ ബാഗ് തുറക്കുകയും അതിൽ ഉണ്ടായിരുന്ന പെര്‍ഫ്യൂം എടുത്ത് ഉപയോഗിക്കുകയും ചെയ്തു. അതും കോഹ്ലിയുടെ സാന്നിധ്യത്തിൽ! 19 വയസ് മാത്രം പ്രായമുള്ള സ്വാസ്തിക് ചികാര എന്ന യുവതാരമാണ് ഇത്തരത്തിലൊരു ‘സാഹസത്തിന്’ മുതിർന്നത്. ഇത് കണ്ട് ആർസിബി നായകൻ രജിത് പാട്ടീദാർ ഉൾപ്പെടെ ഞെട്ടി. വിരാട് ഭായ് അവിടെ ഉണ്ടായിരുന്നെന്നും ഈ പയ്യൻ ഇതെന്താണ് കാണിക്കുന്നതെന്ന് താൻ ആശ്ചര്യപ്പെട്ടെന്നും പാട്ടീദാർ പറഞ്ഞു. കൊൽക്കത്തയുമായി നടന്ന മത്സരത്തിന് പിന്നാലെയാണ് സംഭവമുണ്ടായതെന്ന് ആര്‍സിബി താരം യാഷ് ദയാൽ വെളിപ്പെടുത്തി. എല്ലാവരും ഡ്രസ്സിംഗ് റൂമിലുണ്ടായിരുന്നു. ഈ സമയത്താണ് ചികാര വിരാട് കോഹ്ലിയുടെ ബാഗിന് അടുത്തേയ്ക്ക് പോയത്. കോഹ്ലിയോട് ചോദിക്കാതെ ചികാര അദ്ദേഹത്തിന്റെ ബാഗ് തുറക്കുകയും അതിലുണ്ടായിരുന്ന പെര്‍ഫ്യൂം അനുമതിയില്ലാതെ ഉപയോഗിക്കുകയും ചെയ്തെന്ന് യാഷ് ദയാൽ പറഞ്ഞു. എന്നാൽ, കോഹ്ലി എല്ലാവരുടെയും ജ്യേഷ്ഠ സഹോദരനാണെന്നും അദ്ദേഹം ഉപയോഗിക്കുന്ന പെര്‍ഫ്യൂം മോശമാണോ എന്ന് പരിശോധിക്കാനാണ് താൻ അത് ഉപയോഗിച്ചതെന്നും ചികാര തമാശരൂപേണ പറഞ്ഞു. പെര്‍ഫ്യൂം എങ്ങനെ ഉണ്ടായിരുന്നുവെന്ന് കോഹ്ലി ചോദിച്ചെന്നും കൊള്ളാമെന്ന് താൻ മറുപടി നൽകിയെന്നും യുവതാരം കൂട്ടിച്ചേര്‍ത്തു. കോഹ്ലിയുടെ ഈ പ്രതികരണം ആർസിബി ക്യാമ്പിലുണ്ടായിരുന്നവരെ കൂടുതൽ ഞെട്ടിച്ചുകളഞ്ഞു.
