ഓഫീസിൽ കയറി വെട്ടും’; കെട്ടിട നികുതി ചോദിച്ച വില്ലേജ് ഓഫീസർ ക്കെതിരെ സിപിഎം ഏരിയാ സെക്രട്ടറി എം.വി സഞ്ജുവിന്റെ വധഭീഷണി

നാരങ്ങാനം വില്ലേജ് ഓഫിസറെയാണ് സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി എം.വി സഞ്ജു ഭീഷണിപ്പെടുത്തിയത്.
പത്തനംതിട്ട: നാരങ്ങാനം വില്ലേജ് ഓഫീസർക്ക് സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി. കെട്ടിട നികുതി ചോദിച്ച വില്ലേജ് ഓഫിസറെ ഓഫിസിൽ കയറി വെട്ടുമെന്ന് പത്തനംതിട്ട ഏരിയാ സെക്രട്ടറി എം.വി സഞ്ജു ഭീഷണിപ്പെടുത്തി. 2022ൽ അടക്കേണ്ട നികുതി അടക്കാത്തത് ചോദിച്ചതിനായിരുന്നു ഭീഷണി. വില്ലേജ് ഓഫിസർ പ്രകോപനപരമായും വളരെ മോശമായും സംസാരിച്ചെന്നാണ് സഞ്ജുവിന്റെ ആരോപണം.
2022 മുതൽ 2025 വരെ സഞ്ജു കെട്ടിട നികുതി അടച്ചിട്ടില്ല എന്നാണ് വില്ലേജ് ഓഫീസർ ഫോൺ സംഭാഷണത്തിൽ പറയുന്നത്. സൗഹൃദത്തിൽ മുന്നോട്ടുപോകാമെന്നും അടക്കാനില്ല എന്ന് പറഞ്ഞാൽ ശരിയാവില്ലെന്നും വില്ലേജ് ഓഫീസർ പറയുന്നുണ്ട്. എന്നാൽ അടച്ചില്ലെങ്കിൽ എന്തുചെയ്യുമെന്നാണ് സഞ്ജു ചോദിക്കുന്നത്. നടപടിയെടുക്കുമെന്ന് പറയുമ്പോഴാണ് സഞ്ജു വില്ലേജ് ഓഫീസിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നത്. ഫോൺ സംഭാഷണത്തിനിടെ സഞ്ജു വില്ലേജ് ഓഫീസറെ തെറി വിളിക്കുകയും ചെയ്യുന്നുണ്ട്.
