NationalSpot lightWorld

‘വിസ റദ്ദാക്കും, ഉടൻ രാജ്യം വിടണം’; യുഎസിലെ ഇന്ത്യക്കാരടക്കമുള്ള വിദ്യാർഥികൾക്ക് ഇ മെയിൽ സന്ദേശം 

വാഷിംഗ്ടൺ: അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യക്കാരടക്കമുള്ള നിരവധി വിദേശ വിദ്യാ‍ർഥികൾക്ക് വിസ റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പുകൾ ഇ-മെയിൽ വഴി ലഭിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിൽ (ഡിഒഎസ്) നിന്നാണ് ഇ-മെയിൽ സന്ദേശങ്ങൾ ലഭിക്കുന്നതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. വിദേശ വിദ്യാർഥികൾക്ക് അനുവ​ദിക്കുന്ന എഫ്-1 വിസ റദ്ദാക്കിയതായും എത്രയും പെട്ടെന്ന് രാജ്യം വിടണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ആക്ടിവിസ്റ്റുകളായ വിദ്യാർഥികൾക്കാണ് സന്ദേശം ലഭിച്ചത്. യുഎസ് ക്യാമ്പസുകളിൽ വിദ്യാർഥികൾ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തവർക്കെതിരെയും അമേരിക്കൻ വിരുദ്ധമെന്നാരോപിക്കപ്പെടുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പ്രതികരിച്ചവരെയും ലക്ഷ്യമിട്ടാണ് ഇ മെയിൽ സന്ദേശങ്ങൾ അയക്കുന്നതെന്നും പറയുന്നു. നേരത്തെ ഇതേ കാരണത്താൽ വിദ്യാർഥികളെ പുറത്താക്കിയിരുന്നു. പിന്നാലെയാണ് ആശങ്കയുയർത്തി ഇ മെയിൽ സന്ദേശമെത്തുന്നത്. ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഇ മെയിൽ ലഭിച്ചതായി പറയുന്നു.  2023-24 അധ്യയന വർഷത്തിൽ യുഎസിൽ ഏകദേശം 11 ലക്ഷം അന്താരാഷ്ട്ര വിദ്യാർഥികളാണ് പഠിക്കുന്നത്. അതിൽ 3.3 ലക്ഷത്തിലധികം പേർ ഇന്ത്യൻ വിദ്യാർത്ഥികളാണെന്ന് ഓപ്പൺ ഡോർസ് റിപ്പോർട്ട് പറയുന്നു. ഹമാസിനെയോ മറ്റ് ഭീകര ഗ്രൂപ്പുകളെയോ പിന്തുണയ്ക്കുന്നതായി കാണപ്പെടുന്ന വിദേശ പൗരന്മാരുടെ (അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഉൾപ്പെടെ) വിസ റദ്ദാക്കുന്നതിന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ശ്രമം ആരംഭിച്ചതായി ആക്സിയോസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്ന്, 300-ലധികം വിദേശ വിദ്യാർത്ഥികളുടെ വിദ്യാർത്ഥി വിസ റദ്ദാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button