Business

മലയാളി പേരിട്ട കാർ വാങ്ങാൻ ഷോറൂമുകളിൽ കൂട്ടയിടി, വിൽപ്പന കണ്ട് കണ്ണുനിറഞ്ഞ് ചെക്ക് മുതലാളി, തലകറങ്ങി എതിരാളികൾ

2025 സാമ്പത്തിക വർഷത്തിന്റെ അവസാന മാസമായ മാർച്ച് ഇന്ത്യൻ ഓട്ടോമോട്ടീവ് വിപണിക്ക് ലാഭകരമായിരുന്നു. രാജ്യത്തെ പ്രവർത്തനങ്ങളുടെ 25 -ാം വാർഷികം ആഘോഷിക്കുന്ന സ്കോഡ ഓട്ടോ ഇന്ത്യ, 7,422 യൂണിറ്റുകളുടെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന രേഖപ്പെടുത്തി. പുതുതായി പുറത്തിറക്കിയ കൈലാഖ് സബ്‌കോംപാക്റ്റ് എസ്‌യുവി ആണ് ഈ നേട്ടത്തിന് പ്രധാന സംഭാവന നൽകിയത് എന്നാണ് റിപ്പോർട്ടുകൾ. ഒപ്പം കുഷാഖ് മിഡ്‌സൈസ് എസ്‌യുവിയുടെയും സ്ലാവിയ മിഡ്‌സൈസ് സെഡാന്റെയും വിൽപ്പനയും ഈ പുതിയ നാഴികക്കല്ല് നേടാൻ സ്‍കോഡയെ സഹായിച്ചു. ചെക്ക് വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവി ഓഫറാണ് കൈലാഖ്. 2025 ജനുവരിയിൽ പുറത്തിറക്കിയ ഈ കോം‌പാക്റ്റ് എസ്‌യുവി ഇതുവരെ 15,000-ത്തിലധികം ബുക്കിംഗുകൾ നേടിയിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത്, 2025 മെയ് അവസാനത്തോടെ ഉത്പാദനം 30 ശതമാനം വർദ്ധിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു. മഹാരാഷ്ട്രയിലെ ചക്കൻ ആസ്ഥാനമായുള്ള സ്കോഡയുടെ പ്ലാന്റ് കൈലാക്കിന്റെ ഉത്പാദന കേന്ദ്രമായി പ്രവർത്തിക്കുന്നു. കൂടാതെ, സ്കോഡ അവരുടെ പ്രാരംഭ വില ഏപ്രിൽ 30 വരെ നീട്ടിയിട്ടുണ്ട് . സ്കോഡ കൈലാക്കിന്റെ അടിസ്ഥാന വേരിയന്റിന് 7.89 ലക്ഷം രൂപയിൽ ആരംഭിച്ച് ഉയർന്ന പെട്രോൾ-ഓട്ടോമാറ്റിക് വേരിയന്റിന് 14.40 ലക്ഷം രൂപ വരെ വിലയുണ്ട്. ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ+, പ്രസ്റ്റീജ് എന്നീ നാല് ട്രിമ്മുകളിലായി വ്യാപിച്ചുകിടക്കുന്ന 7 വേരിയന്‍റുകളാണ് നിരയിലുള്ളത്. എല്ലാ വകഭേദങ്ങളിലും 1.0 ലിറ്റർ, 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഇതിൽ ഉൾപ്പെടാം. 10.5 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കൈലാക്കിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ 188 കിലോമീറ്റർ പരമാവധി വേഗത വാഗ്‍ദാനം ചെയ്യുന്നു. എൻട്രി ലെവൽ ക്ലാസിക് വേരിയന്റാണ് ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളതെന്നും നാല് മാസം വരെ കാത്തിരിപ്പ് കാലയളവ് നൽകുന്നുണ്ടെന്നും നേരത്തെ കമ്പനി വെളിപ്പെടുത്തിയിരുന്നു. കൈലാക്കിന് ആ പര് നൽകിയത് ഒരു മലയാളി ആണ് എന്നതും പ്രത്യേകതയാണ്. കാസർകോട് സ്വദേശിയായ മുഹമ്മദ് സിയാദാണ് സ്കോഡയുടെ പേരിടൽ മത്സരത്തിൽ ജേതാവായത്. ഇദ്ദേഹം നിർദ്ദേശിച്ച കൈലാഖ് എന്ന പേരാണ് കമ്പനി തിരഞ്ഞെടുത്തത്. രണ്ട് ലക്ഷത്തിൽ അധികം ആളുകൾ നിർദ്ദേശിച്ച പേരുകളിൽ നിന്നായിരുന്നു കമ്പനി ഈ പേര് തെരഞ്ഞെടുത്തത്. ഈ എസ്‍യുവിയുടെ ആദ്യ യൂണിറ്റ് സിയാദിന് സമ്മാനമായി ലഭിച്ചിരുന്നു. 120 ഷോറൂമുകളിലായി 280-ലധികം ടച്ച്‌പോയിന്റുകൾ സ്ഥാപിച്ചുകൊണ്ട് ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം ഇരട്ടിയായി വർദ്ധിപ്പിക്കാനാണ് സ്കോഡ ലക്ഷ്യമിടുന്നത്. ഈ വർഷം അവസാനത്തോടെ കമ്പനി തങ്ങളുടെ വിൽപ്പന ശൃംഖല 350 ടച്ച്‌പോയിന്റുകളായി വികസിപ്പിക്കും. ഓൺലൈൻ വിൽപ്പന ഓപ്ഷനുകൾ, പൂർണ്ണമായും ഡിജിറ്റൽ ഷോറൂമുകൾ, ഉപഭോക്തൃ കേന്ദ്രീകൃത പ്രോഗ്രാമുകൾ തുടങ്ങിയ സ്കോഡയുടെ ഡിജിറ്റൽ സംരംഭങ്ങൾ അവർക്ക് അനുകൂലമായി പ്രവർത്തിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button