Sports

ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താത്തത് സിറാജിനെ വേദനിപ്പിച്ചു’; കാരണം വ്യക്തമാക്കി വിരേന്ദര്‍ സെവാഗ്

ദില്ലി: ഇക്കഴിഞ്ഞ ഐസിസി ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താത്തത് മുഹമ്മദ് സിറാജിനെ വേദനിപ്പിച്ചുവെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗലളൂരുവിനെതിരായ പ്രകടനം അടിസ്ഥാനമാക്കിയാണ് സെവാഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ അദ്ദേഹത്തിന്റെ മുഖത്ത് തീക്ഷണത പ്രകടമായിരുന്നുവെന്ന് സെവാഗ് വ്യക്തമാക്കി. ആര്‍സിബിക്കെതിരെ നാല് ഓവറില്‍ 19 റണ്‍സ് മാത്രം മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു സിറാജ്. ചാംപ്യന്‍സ് ട്രോഫിയിലെ അവഗണന സിറാജിന്റെ മുഖത്ത് വ്യക്തമായിരുന്നുവെന്ന് സെവാഗ് പറഞ്ഞു. മുന്‍ ഇന്ത്യന്‍ താരത്തിന്റെ വാക്കുകള്‍… ”അദ്ദേഹത്തിന്റെ മുഖത്ത് തീക്ഷ്ണതയുണ്ടായിരുന്നു. ചാംപ്യന്‍സ് ട്രോഫി ടീമില്‍ അദ്ദേഹത്തെ തഴഞ്ഞതില്‍ വേദന ഉണ്ടെന്ന് സിറാജിന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു. ഒരു യുവ ഫാസ്റ്റ് ബൗളറില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും അതാണ്. അദ്ദേഹം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.” സെവാഗ് പറഞ്ഞു. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ തുടര്‍ന്നു… ”ചിന്നസ്വാമിയില്‍ പുതിയ പന്തില്‍ അദ്ദേഹം തന്റെ റെക്കോര്‍ഡ് നിലനിര്‍ത്തി. ആദ്യ മൂന്ന് ഓവറില്‍ 12 അല്ലെങ്കില്‍ 13 റണ്‍സ് മാത്രമാണ് സിറാജ് വിട്ടുകൊടുത്തത്. നാലാമത്തെ ഓവര്‍ അതേ സമയം എറിയാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. ഒരുപക്ഷേ മറ്റൊരു വിക്കറ്റ് എടുക്കുമായിരുന്നു. പുതിയ പന്ത് നന്നായി സ്വിംഗ് ചെയ്യപ്പിക്കാന്‍ സിറാജിന് സാധിച്ചു. പിച്ചില്‍ നിന്നും ലഭിച്ച സഹായം അദ്ദേഹം നന്നായി മുതലെടുക്കുകയും ചെയ്തു.” സെവാഗ് കൂട്ടിചേര്‍ത്തു. പഞ്ചാബ് കിംഗ്സിനെതിരെ ആദ്യ മത്സരത്തില്‍ നാല് ഓവറില്‍ 54 റണ്‍സ് വഴങ്ങിയ സിറാജ് മികച്ച തിരിച്ചുവരവ് നടത്തി. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രോഹിത് ശര്‍മയെ സിറാജ് പുറത്താക്കിയിരുന്നു. 34 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 21.40 ശരാശരിയില്‍ അഞ്ച് വിക്കറ്റുകള്‍ സിറാജ് ഇതുവരെ വീഴ്ത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button