
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ വൻ മോഷണം. വീടിനുള്ളിലെ ലോക്കര്‍ തകര്‍ത്ത് നടത്തിയ മോഷണത്തിൽ 45 പവന്‍റെ സ്വര്‍ണം കവര്‍ന്നു. വടക്കഞ്ചേരി പന്നിയങ്കര ശങ്കരൻ കണ്ണൻ തോട് പ്രസാദിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാവിലെയാണ് മോഷണം നടന്ന വിവരം അറിയുന്നത്. വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. സമീപത്തെ മറ്റൊരാളുടെ വീട്ടിലും മോഷണ ശ്രമം നടന്നതായി പറയുന്നുണ്ട്. പ്രസാദിന്‍റെ വീട്ടിലെ മുകളിലെ നിലയിൽ ലോക്കറിൽ സൂക്ഷിച്ച ആഭരണമാണ് കവർന്നത്. മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ദൃശ്യങ്ങളിൽ മോഷ്ടാവിന്‍റെ മുഖം വ്യക്തമല്ല. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് അന്വേഷണം.
