ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് 32 ലക്ഷം രൂപ തട്ടിച്ചു

മംഗളൂരു: ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത തട്ടിപ്പുകാരന്റെ നിർദേശങ്ങൾ പാലിച്ച ഉള്ളാളിലെ യുവാവിന് 32 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ഫെബ്രുവരി 26ന് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടെലിഗ്രാമിൽ മാൻവി എന്ന വ്യക്തിയിൽനിന്ന് തനിക്ക് ഒരു സന്ദേശം ലഭിച്ചതായി പരാതിക്കാരൻ പറഞ്ഞു. പാർട്ട് ടൈം ജോലി ഓഫർ സംബന്ധിച്ച് അറിയിച്ചായിരുന്നു അതെന്നാണ് ഉള്ളാൾ പൊലീസിൽ നൽകിയ പരാതിയിലുള്ളത്. ഹോട്ടൽ റേറ്റിങ്ങുകൾ നൽകുന്നത് പോലുള്ള ലളിതമായ ജോലികൾ ചെയ്ത് പണം സമ്പാദിക്കാൻ കഴിയുമെന്നായിരുന്നു വാഗ്ദാനം. പ്രാരംഭ പണമടക്കൽ 10,000 രൂപ നൽകേണ്ടിവരുമെന്നും അറിയിച്ചു.മാർച്ച് 10ന് അശോക് ദത്തർവാളിന്റെ അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർ ചെയ്തതായും ഒരു ടാസ്ക് പൂർത്തിയാക്കിയപ്പോൾ 17,000 രൂപ ലഭിച്ചതായും പരാതിക്കാരൻ പൊലീസിനോട് പറഞ്ഞു. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് അയാൾ വീണ്ടും 10,000 രൂപ നിക്ഷേപിക്കുകയും ഒരു ടാസ്കിനുള്ള പണം നൽകുകയും ചെയ്തു. മാർച്ച് 11നും ഏപ്രിൽ രണ്ടിനും ഇടയിൽ പരാതിക്കാരൻ കിഷൻ കുമാർ, രതീഷ് കെ, പ്രഹ്ലാദ് അഹ്യാവർ, ഷാജഹാൻ അലി, പിയൂഷ് സന്തോഷ് റാവു, യാഷ് വൈദ്യനാഥ് കസാരെ, രാമേശ്വർ ലാൽ, അനന്തു കൃഷ്ണ എന്നിങ്ങനെ നിരവധി വ്യക്തികളുടെ അക്കൗണ്ടുകളിലേക്ക് ഘട്ടം ഘട്ടമായി 32 ലക്ഷം രൂപ വരെ അടച്ചു. മറുപടി ലഭിക്കുകയോ ഒരു തരത്തിലുമുള്ള ആശയവിനിമയവും ലഭിക്കുകയോ ചെയ്യാത്ത ഘട്ടത്തിൽ താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ പരാതിക്കാരൻ പൊലീസിനെ സമീപിച്ചു. ഉള്ളാൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
