ഓർഡർ ചെയ്ത ഭക്ഷണം ഏൽപ്പിച്ചപ്പോൾ പലതവണ കുത്തി, കുവൈത്തിൽ ഡെലിവറി ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം

കുവൈത്ത് സിറ്റി: ഡെലിവറി ജീവനക്കാരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് അജ്ഞാതൻ. കുത്തേറ്റ ജീവനക്കാരനെ ചികിത്സയ്ക്കായി ഫർവാനിയ ഹോസ്പിറ്റലിലേക്ക് മാറ്റി. സുരക്ഷാ ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി പരിക്കേറ്റ ജീവനക്കാരന്‍റെ മൊഴി എടുത്തിട്ടുണ്ട്. ഒരു ഉപഭോക്താവിന് ഭക്ഷണം എത്തിക്കാൻ പോയതായിരുന്നു താനെന്ന് ജീവനക്കാരൻ പറഞ്ഞു. ഡെലിവറി ചെയ്യേണ്ട സ്ഥലത്ത് കൃത്യ സമയത്ത് എത്തുകയും ചെയ്തു. അയാൾ തന്റെ കൈയിൽ നിന്നും ഭക്ഷണം വാങ്ങിയെന്നും ശേഷം തന്നെ പലതവണ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നെന്നും ജീവനക്കാരൻ പറഞ്ഞു. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. റസ്റ്റോറന്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താവിൻ്റെ വ്യക്തിഗത വിവരങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. കൊലപാതക ശ്രമം, ബലപ്രയോഗത്തിലൂടെയുള്ള കവർച്ച തുടങ്ങിയ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയെ പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.
