
ലോകമെമ്പാടും വേഗതയേറിയതും അതിശയകരവുമായ സൂപ്പർ ആഡംബര സ്‌പോർട്‌സ് കാറുകൾക്ക് പേരുകേട്ട വാഹന നിർമ്മാണ കമ്പനിയാണ് ലംബോർഗിനി. ഇപ്പോൾ ഇന്ത്യയിലും ഒരു അത്ഭുതകരമായ കാർ പുറത്തിറക്കാൻ പോകുകയാണ് ലംബോർഗിനി എന്നാണ് റിപ്പോർട്ടുകൾ. ലംബോർഗിനി ടെമറാരിയോ ആണ് കമ്പനി ഇന്ത്യയിൽ പുറത്തിറക്കാൻ ഒരുങ്ങുന്നത്. ലംബോർഗിനി റെവ്യൂൾട്ടോയ്ക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ ഹൈബ്രിഡ് സൂപ്പർ കാറായിരിക്കും ഇത്. ഏപ്രിൽ 30 ന് ലംബോർഗിനി ഇത് പുറത്തിറക്കും. ലംബോർഗിനി ഹുറാകാന് പകരമായിട്ടായിരിക്കും പുതിയ ലംബോർഗിനി ടെമെറാരിയോ നിര എത്തുക എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ലംബോർഗിനി ടെമറാരിയോ ആഗോളതലത്തിൽ പുറത്തിറങ്ങിയത്. വെറും എട്ട് മാസത്തിനുള്ളിൽ പിഎച്ച്ഇവി സൂപ്പർകാർ ഇന്ത്യയിലെത്തും. റെവുൽറ്റോ പോലുള്ള മൂന്ന് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 4.0 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനാണ് ടെമെറാരിയോയ്ക്ക് കരുത്ത് പകരുന്നത്. V8 എഞ്ചിൻ 9,000 rpm-ൽ 789 bhp കരുത്തും 4,000 നും 7,000 rpm-നും ഇടയിൽ 730 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇന്ത്യൻ വിപണിയിൽ ഫെരാരി 296 GTB യുമായിട്ടായിരിക്കും ഈ കാർ മത്സരിക്കുക. ഇതിന്റെ ഏകദേശ എക്സ്ഷോറൂം വില ആറ് കോടി രൂപ ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ. കാറിന്റെ മുൻവശത്ത് രണ്ട് ഇലക്ട്രിക് മോട്ടോറുകൾ സ്ഥാപിച്ചിട്ടുണ്ട്. അവ മുൻ ചക്രങ്ങൾക്കായി പ്രവർത്തിക്കുന്നു. മൂന്നാമത്തെ ഇലക്ട്രിക് മോട്ടോർ 8-സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇവ പിൻ ചക്രങ്ങൾക്ക് പവർ നൽകുന്നു. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ടെമെറാരിയോയ്ക്ക് വെറും 2.7 സെക്കൻഡുകൾ മതി. മണിക്കൂറിൽ 343 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. ഈ വേഗത ജപ്പാനിൽ ഓടുന്ന ബുള്ളറ്റ് ട്രെയിനിന്റെ ശരാശരി വേഗതയായ 320 കിലോമീറ്ററിനേക്കാൾ കൂടുതലാണ് എന്നാണ് റിപ്പോർട്ടുകൾ. കാറിലെ മൂന്ന് ഇലക്ട്രിക് മോട്ടോറുകളും 3.8 kWh ബാറ്ററിയാണ് ഉപയോഗിക്കുന്നത്, ഇത് 30 മിനിറ്റിനുള്ളിൽ പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയും. ഇത് മാത്രമല്ല, റീജനറേറ്റീവ് ബ്രേക്കിംഗ് കാരണം ബാറ്ററി യാന്ത്രികമായി ചാർജ് ചെയ്യപ്പെടുകയും ചെയ്യുന്നു. കാറിനുള്ളിൽ, റെവൽട്ടോ പോലുള്ള ഒരു ഫൈറ്റർ ജെറ്റ് തീം ലേഔട്ട് ഉണ്ട്. ഈ പുതിയ ലംബോർഗിനിയുടെ ഇന്റീരിയറിൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺട്രോളുകളും ലംബമായി നൽകിയിരിക്കുന്ന 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ലഭിക്കുന്നു. ഡാഷ്‌ബോർഡിൽ 9.1 ഇഞ്ച് സ്‌ക്രീനുകളും ഉണ്ട്. സീറ്റുകൾ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്നതാണ്. ടെമെറാരിയോയിൽ 13 ഡ്രൈവിംഗ് മോഡുകൾ ഉണ്ട്. ഇതുകൂടാതെ, ഇത് ഹൈബ്രിഡ് മോഡിലും പ്രവർത്തിപ്പിക്കാൻ കഴിയും. മുൻവശത്ത് 10-പിസ്റ്റൺ കാലിപ്പറുകളുള്ള 410 എംഎം ഡിസ്‍ക് ബ്രേക്കുകളും പിന്നിൽ നാല്-പിസ്റ്റൺ കാലിപ്പറുകളുള്ള 390 എംഎം ഡിസ്‍ക് ബ്രേക്കുകളും കാറിന് ലഭിക്കുന്നു.
