ക്ലാസിൽ ഓടി നടക്കുന്ന വിദ്യാർത്ഥിയെ ശാന്തനാക്കാൻ അധ്യാപിക വടി വലിച്ചെറിഞ്ഞു, 6വയസുകാരന്റെ കാഴ്ച പോയി, കേസ്

ചിക്കബെല്ലാപ്പൂർ: അധ്യാപിക വലിച്ചെറിഞ്ഞ വടി കൊണ്ട് ആറുവയസുകാരന്റെ കാഴ്ച നഷ്ടമായി. കർണാടകയിലെ ചിക്കബെല്ലാപ്പൂരിൽ ആണ് സംഭവം. കഴിഞ്ഞ വർഷം നടന്ന സംഭവത്തിൽ ആറ് വയസുകാരന്റെ കാഴ്ച തിരികെ കിട്ടില്ലെന്ന് ഉറപ്പ് വന്നതിന് പിന്നാലെ അധ്യാപികയ്ക്കും സംഭവവുമായി ബന്ധപ്പെട്ട അഞ്ച് പേർക്കുമെതിരെ പൊലീസ് കേസ് എടുത്തു. കഴിഞ്ഞ വർഷം മാർച്ച് ആറിനായിരുന്നു സംഭവം നടന്നത്. ചിക്കബെല്ലാപ്പൂരിലെ ചിന്താമണിയിലെ സർക്കാർ സ്കൂളിലായിലുന്നു അധ്യാപികയുടെ അശ്രദ്ധമായ ശിക്ഷാ നടപടി ആറുവയസുകാരന്റെ കാഴ്ച അപഹരിച്ചത്. യശ്വന്ത് എന്ന ഒന്നാം ക്ലാസുകാരനെ അച്ചടക്കത്തോടെയിരിക്കാൻ ആവശ്യപ്പെട്ടാണ് അധ്യാപിക കയ്യിലിരുന്ന വടി വച്ച് എറിഞ്ഞത്. ഇത് കുട്ടിയുടെ കണ്ണിൽ തറച്ച് കയറുകയായിരുന്നു. സംഭവ സമയത്ത് പരിക്കിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ കുട്ടി അസ്വസ്ഥത കാണിച്ചതോടെ രക്ഷിതാക്കൾ കുട്ടിയെ നേത്ര രോഗ വിദഗ്ധനെ കാണിക്കുകയായിരുന്നു. ചിന്താമണിയിലെ ക്ലിനിക്കിൽ നിന്നി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിക്ക് രണ്ട് ശസത്രക്രിയകളാണ് നടത്തിയത്. ഇതിലും കാഴ്ചാ ബുദ്ധിമുട്ട് നേരിട്ടതോടെ ബെംഗലൂരുവിലെ പ്രമുഖ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമാണ് വലത് കണ്ണിന്റെ കാഴ്ച തിരികെ കിട്ടില്ലെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ രക്ഷിതാക്കൾ ബത്ലാഹള്ളി പൊലീസ് സ്റ്റേഷനിൽ ഞായറാഴ്ച പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപികയ്ക്കെതിരെ കേസ് എടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് അധ്യാപികയ്ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ പ്രാദേശിക ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടേയും മറ്റ് തെളിവുകളുടേയും അടിസ്ഥാനത്തില്‍ അടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ് വിശദമാക്കുന്നത്.
