
കണ്ണൂര്‍: കണ്ണൂരിൽ ഡ്രൈവറും കണ്ടക്ടറും ലൈസൻസില്ലാതെ സർവീസ് നടത്തിയ സ്വകാര്യബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഡ്രൈവറെ ബസിൽ നിന്നിറക്കിയശേഷം എ എം വി ഐ സജി ജോസഫ് വണ്ടിയെടുത്താണ് യാത്രക്കാരെ അതത് സ്റ്റോപ്പുകളിൽ ഇറക്കിയത്. മൂന്നു പെരിയയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ചക്കരക്കൽ – തലശേരി റൂട്ടിലോടുകയായിരുന്ന അനുശ്രീ ബസ് ആണ് പിടിച്ചെടുത്തത്. വാഹനത്തിന് 11000 രൂപ പിഴ ചുമത്തുകയും ഫിറ്റ്നസ് റദാക്കുകയും ചെയ്തു. ഇന്ന് നടത്തിയ പരിശോധനയിൽ നിരവധി സ്വകാര്യ ബസുകളിൽ ലൈസൻസില്ലാതെ കണ്ടക്ടർമാർ ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. 20 കേസുകളിലായി 55,000 രൂപയാണ് പിഴയായി ഈടാക്കിയത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്ന് ആർടിഒ അറിയിച്ചു.
