തിയേറ്റര്‍ കോംപ്ലക്സുകളിലേക്ക് മദ്യവും? ഒരുക്കങ്ങൾ തുടങ്ങി? പിവിആര്‍ ഐനോക്സ് അപേക്ഷ നൽകിയെന്ന് റിപ്പോര്‍ട്ട്

ദില്ലി: ഗുരുഗ്രാം, ബെംഗളൂരു തുടങ്ങിയ തെരഞ്ഞെടുത്ത നഗരങ്ങളിലെ പ്രീമിയം തീയേറ്ററുകളിൽ മദ്യം വിളമ്പുന്നതിനുള്ള ലൈസൻസിനായി പിവിആർ ഐനോക്സ് ശ്രമിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവിയുടെ റിപ്പോർട്ട്. പിവിആർ ഐനോക്സ് തീയേറ്ററുകളിലേക്കുളള തിരക്ക് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഇതിനെ ചെറുക്കാനാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ട്. നിലവിൽ സിനിമാ തീയേറ്ററുകളിലേക്ക് മദ്യമോ കൊണ്ടു വരുന്ന മറ്റ് തരത്തിലുള്ള ഭക്ഷണ സാധനങ്ങളോ പോലും അനുവദനീയമല്ല. എന്നാൽ പുതിയ മാറ്റം നിലവിൽ വന്നാൽ സിനിമക്ക് മുൻപോ അതിനു ശേഷമോ മദ്യപിക്കാൻ കഴിയും. അപ്പോഴും തീയേറ്ററുകൾക്കകത്ത് മദ്യം നിരോധിക്കാൻ തന്നെയാണ് സാധ്യത. ഡയറക്ടേഴ്‌സ് കട്ട് പോലുള്ള ലക്ഷ്വറി തീയേറ്ററുകളിലാകും ഇത്തരത്തിലുള്ള സൗകര്യം വരിക എന്നും റിപ്പോർട്ടിൽ പറയുന്നു. അതേ സമയം ഇക്കാര്യത്തിൽ പിവിആർ ഐനോക്സ് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. നിലവിൽ പിവിആർ ഉടമസ്ഥതയിലുള്ള ലോഞ്ചുകൾ, ഇരിപ്പിടങ്ങൾ, ലൈവ് മ്യൂസിക് സോണുകൾ തുടങ്ങിയവക്ക് ദില്ലി ഡയറക്ടർ കട്ട്, മൈസൺ ഐനോക്സ് മുംബൈ എന്നിവിടങ്ങളിലും മദ്യം അനുവദനീയമാണ്. ഈ സോണുകൾ സിനിമാ ഹാളുകളോട് ചേർന്നാണ് പ്രവർത്തിക്കുന്നതെങ്കിലും അവയുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടില്ല. സിനിമാട്ടോഗ്രാഫ് ആക്ട് അനുസരിച്ച് സിനിമാ ഹാളുകൾക്കുള്ളിൽ മദ്യം വിതരണം ചെയ്യാൻ അനുവാദമില്ല. ഐനോക്സിന്റെ വരുമാനം ഗണ്യമായ കുറഞ്ഞു തന്നെ തുടരുന്ന അവസ്ഥയിലാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തു വരുന്നത്. ദക്ഷിണേന്ത്യൻ സിനിമകളുടെ ഡബ്ബ് ചെയ്ത പതിപ്പുകൾ ഉൾപ്പെടെ ഹിന്ദി സിനിമകളിൽ നിന്നുള്ള കളക്ഷൻ 2023 നെ അപേക്ഷിച്ച് 5,380 കോടി രൂപയിൽ നിന്ന് 2024 ൽ 4,679 കോടി രൂപയായി കുറഞ്ഞുവെന്ന് ഓർക്കാക്സ് ബോക്സ് ഓഫീസ് റിപ്പോർട്ട് 2024 പറയുന്നു. കൊവിഡിന് ശേഷവും, കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ചും ഈ വർഷവും കുറവു വന്നിട്ടുണ്ട്.
