Sports

43-ാം വയസിൽ അൺക്യാപ്പ്ഡ് പ്ലെയര്‍, ഇനി ചെന്നൈയുടെ നായകൻ; പുത്തൻ റെക്കോര്‍ഡ് സ്വന്തമാക്കി ധോണി

ചെന്നൈ: 43-ാം വയസിൽ വീണ്ടും ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ നായകനായി തിരിച്ചെത്താനൊരുങ്ങുകയാണ് മഹേന്ദ്ര സിം​ഗ് ധോണി. നായകൻ റുതുരാജ് ​ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തുപോയതിനാലാണ് നായക സ്ഥാനത്തേയ്ക്ക് വീണ്ടും ധോണി തിരിച്ചെത്തുന്നത്. കൈമുട്ടിന് പൊട്ടലേറ്റ ​ഗെയ്ക്വാദിന് ഈ സീസൺ മുഴുവൻ നഷ്ടമാകും. വെള്ളിയാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടക്കുന്ന മത്സരത്തിൽ ധോണിയാകും ചെന്നൈയെ നയിക്കുക.  2023ലെ ഐ‌പി‌എൽ ഫൈനലിലാണ് ധോണി അവസാനമായി ചെന്നൈയെ നയിച്ചത്. ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി ചെന്നൈ കിരീടം നേടുകയും ചെയ്തിരുന്നു. 2008 മുതൽ 2015 വരെ ധോണി ചെന്നൈയുടെ മുഴുവൻ സമയ ക്യാപ്റ്റനായിരുന്നു. 2018 ൽ വീണ്ടും ധോണി നായകസ്ഥാനത്തേയ്ക്ക് തിരിച്ചെത്തി 2021 വരെ ടീമിനെ നയിച്ചു. 2022 ൽ ധോണി രവീന്ദ്ര ജഡേജയ്ക്ക് ചുമതല കൈമാറിയെങ്കിലും 8 മത്സരങ്ങൾക്ക് ശേഷം അദ്ദേഹം വീണ്ടും നായകസ്ഥാനത്തേയ്ക്ക് തന്നെ തിരിച്ചെത്തി. 2023 ൽ ചെന്നൈയെ ജേതാക്കളാക്കിയ ശേഷം അദ്ദേഹം പുതിയ സീസണിന് മുമ്പ് റുതുരാജ് ​ഗെയ്ക്വാദിന് നായകസ്ഥാനം കൈമാറുകയായിരുന്നു.  വീണ്ടും നായകസ്ഥാനത്ത് തിരിച്ചെത്തുന്ന ധോണി ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. ഒരു ഐപിഎൽ ടീമിനെ നയിക്കുന്ന ആദ്യ അൺക്യാപ്പ്ഡ് പ്ലെയറായി ധോണി മാറും. ഐപിഎൽ നിയമപ്രകാരം, 5 വർഷമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാത്ത ഒരു കളിക്കാരനെയാണ് അൺക്യാപ്പ്ഡ് ആയി കണക്കാക്കുക. 90 ടെസ്റ്റുകളും 350 ഏകദിനങ്ങളും 98 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ധോണി ഇത്തവണ അൺക്യാപ്പ്ഡ് പ്ലെയറായാണ് ഇറങ്ങിയത്. 212 മത്സരങ്ങളിൽ ചെന്നൈയെ നയിച്ച ധോണി 128 വിജയങ്ങളാണ് സ്വന്തമാക്കിയത്. ധോണിയ്ക്ക് കീഴിൽ മഞ്ഞപ്പട 5 ഐപിഎൽ കിരീടങ്ങൾ നേടിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button