സിനിമയെ വെല്ലുന്ന ത്രില്ലര്‍! ചാഹലിന് നാല് വിക്കറ്റ്; കൊല്‍ക്കത്തയെ എറിഞ്ഞിട്ട് ശ്രേയസിന്‍റെ പഞ്ചാബ്

മുല്ലാന്‍പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന് നാലാം ജയം. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ത്രില്ലര്‍ പോരില്‍ 16 റണ്‍സിന്റെ ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. 112 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 15.1 ഓവറില്‍ 95 ന് എല്ലാവരും പുറത്തായി. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത യൂസ്‌വേന്ദ്ര ചാഹലാണ് വിജയശില്‍പി. 28 പന്തില്‍ 37 റണ്‍സ് നേടിയ രഘുവന്‍ഷിയാണ് കൊല്‍ക്കത്തത്തയുടെ ടോപ് സ്‌കോറര്‍. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് 15.3 ഓവറില്‍ 111 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ഹര്‍ഷിത് റാണ, രണ്ട് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവരാണ് പഞ്ചാബിനെ തകര്‍ത്തത്. 30 റണ്‍സ് നേടിയ പ്രഭ്‌സിമ്രാന്‍ സിംഗാണ് ടോപ് സ്‌കോറര്‍. പ്രിയാന്‍ഷ് ആര്യ 22 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ അത്ര നല്ല തുടക്കമല്ലായിരുന്നു കൊല്‍ക്കത്തയ്ക്ക്. ഏഴ് റണ്‍സിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. സുനില്‍ നരെയ്ന്‍ (5), ക്വിന്റണ്‍ ഡി കോക്ക് (2) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. പിന്നീട് അജിന്‍ക്യ രഹാനെ (17) – രഘുവന്‍ഷി സഖ്യം 55 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രഹാനെ എട്ടാം ഓവറില്‍ മടങ്ങി. യൂസ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. റിവ്യൂ എടുക്കാതെ പോയത് രഹാനെയ്ക്ക് വിനയായി. ദൃശ്യങ്ങളില്‍ അത് വിക്കറ്റല്ലെന്ന് വ്യക്തമായിരുന്നു. വൈകാതെ രഘുവന്‍ഷി പവലിയലില്‍ തിരിച്ചെത്തി. ചാഹല്‍ തന്നെയാണ് താരത്തെ മടക്കിയത്. വെങ്കടേഷ് അയ്യര്‍ക്കും (7) കൊല്‍ക്കത്ത നിരയില്‍ തിളങ്ങാന്‍ സാധിച്ചില്ല. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. റിങ്കു സിംഗിനെ (2) ചാഹലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. തൊട്ടടുത്ത പന്തില്‍ രമണ്‍ദീപ് സിംഗും (0) മടങ്ങി. ചാഹലിന്റെ പന്തില്‍ ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച്. ഇതോടെ ഏഴിന് 76 എന്ന നിലയിലായി കൊല്‍ക്കത്ത. തുടര്‍ന്നെത്തിയ ഹര്‍ഷിത് റാണയും (3) നിരാശപ്പെടുത്തി. വൈഭവ് അറോറയും (0) കൂടി മടങ്ങിയതോടെ കൊല്‍ക്കത്ത ഒമ്പതിന് 95 എന്ന നിലയിലായി. പിന്നീടുള്ള പ്രതീക്ഷ മുഴുവന്‍ ആന്ദ്രേ റസ്സലിലായിരുന്നു. എന്നാല്‍ 16-ാം ഓവറിന്റെ ആദ്യ പന്തില്‍ റസ്സലിനെ (17) ബൗള്‍ഡാക്കി മാര്‍കോ ജാന്‍സന്‍ പഞ്ചാബിന് വിജയം സമ്മാനിച്ചു. നേരത്തെ, തകര്‍ച്ചയോടെയായിരുന്നു പഞ്ചാബിന്റെ തുടക്കം. പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റാണ് ആദ്യം പഞ്ചാബിന് നഷ്ടമാകുന്നത്. 12 പന്തില്‍ 22 റണ്‍സെടുത്ത പ്രിയാന്‍ഷിനെ ഹര്‍ഷിത് റാണ, രമണ്‍ദീപിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. നാലാം ഓവറിന്റെ രണ്ടാം പന്തിലാണ് പ്രിയാന്‍ഷ് മടങ്ങുന്നത്. അതേ ഓവറിലെ നാലാം പന്തില്‍ ശ്രേയസ് അയ്യരും (2) പുറത്തായി. വീണ്ടും രമണ്‍ദീപിന് ക്യാച്ച്. അഞ്ചാം ഓവറില്‍ ജോഷ് ഇംഗ്ലിസും മടങ്ങി. വരുണ്‍ ചക്രവര്‍ത്തി ഇംഗ്ലിസിനെ ബൗള്‍ഡാക്കുകയായിരുന്നു. അല്‍പനേരം പിടിച്ചുനിന്ന ശേഷം പ്രഭ്‌സിമ്രാനും (15 പന്തില്‍ 30) മടങ്ങി. ഇത്തവണയും പന്തെറിഞ്ഞത് ഹര്‍ഷിതും ക്യാച്ചെടുത്തത് രമണ്‍ദീപും. മത്സരത്തില്‍ രമണ്‍ദീപിന്റെ മൂന്നാം ക്യാച്ച്. ഗ്ലെന്‍ മാക്‌സ്‌വെല്‍ (7) വരുണിന്റെ പന്തില്‍ ബൗള്‍ഡായി. വധേരയ്ക്കും തിളങ്ങാന്‍ സാധിച്ചില്ല. ഇംപാക്റ്റ് സബ് സുര്യാന്‍ഷ് ഷെഡ്‌ജെ (4), ശശാങ്ക് സിംഗ് (18), മാര്‍കോ ജാന്‍സന്‍ (1), സേവ്യര്‍ ബാര്‍ലെറ്റ് (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അര്‍ഷ്ദീപ് സിംഗ് (1) പുറത്താവാതെ നിന്നു.
