
തിരുവനന്തപുരം: വര്‍ക്കല നരിക്കല്ലു മുക്കിൽ അവധി ചോദിച്ചതിന് ഹോട്ടൽ ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച് ഹോട്ടലുടമ. കത്തിക്കുത്തിൽ ഗുരുതര പരിക്കേറ്റ ഹോട്ടൽ ജീവനക്കാരനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വര്‍ക്കല നരിക്കല്ല് മുക്കിലെ അൽജസീറ ഹോട്ടലിലെ തൊഴിലാളി വക്കം പുത്തൻ വിളയിൽ അമ്പാടിയിൽ ഷാജിക്കാണ് കുത്തേറ്റത്. ഹോട്ടിലിന് എതിര്‍ വശം ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിൽ വച്ച് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കുത്തേറ്റത്. വീട്ടിൽ പോകണമെന്നും ഇന്ന് അവധി വേണമെന്നും ഷാജി ഹോട്ടലുടമ ജസീറിനോട് ആവശ്യപ്പെട്ടു. മുന്‍കൂട്ടി പറയാതെ അവധി ചോദിച്ചതിൽ ഹോട്ടലുടമ പ്രകോപിതനാവുകയായിരുന്നു. വാക്ക് തര്‍ക്കവും അടിപിടിയും ഇരുവരും തമ്മിലുണ്ടായി. ഇതിനിടയിലാണ് ഷാജിക്ക് കത്തിക്കുത്തേറ്റത്. ഷാജിയെ ആദ്യം വര്‍ക്കല താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഗുരുതര പരിക്കുള്ളതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഹോട്ടൽ ഉടമ ജസീറിനും കൈവിരലിന് പരിക്കേറ്റെന്ന് വര്‍ക്കല പൊലീസ് പറയുന്നു. അതേസമയം കത്തി ഷാജിയുടെ കൈവശമായിരുന്നുവെന്ന് പിടിവലിക്കിടെ കുത്തേറ്റതാണെന്നുമാണ് ജസീര്‍ പൊലീസിന് നൽകിയ മൊഴി. കുത്തേറ്റ ഷാജിയുട മൊഴി പൊലീസ് എടുത്തിട്ടില്ല. രണ്ടു മാസമായി അൽ ജസീറ ഹോട്ടലിലെ ജീവനക്കാരനാണ് ഷാജി.
