സിഗരറ്റ് വലിച്ചത് വിലക്കിയ പൊലീസുകാരെ പിന്തുടർന്ന് വാഹനം തടഞ്ഞ് ഹെൽമറ്റ് കൊണ്ട് തല്ലി; വിദ്യാർത്ഥി പിടിയിൽ

തിരുവനന്തപുരം: പൊതുസ്ഥലത്ത് സിഗററ്റ് വലിച്ചത് വിലക്കി പൊലിസുകാരെ എഞ്ചിനിയറിംഗ് വിദ്യാർത്ഥി പിന്തുടർന്ന് ആക്രമിച്ചു. കുളത്തൂർ മണ്‍വിള സ്വദേശി റയാൻ ബ്രൂണോയെ കഴക്കൂട്ടം പൊലിസ് അറസ്റ്റ് ചെയ്തു. റയാൻ ഹെൽമറ്റ് കൊണ്ട് അടിച്ച രണ്ടു പൊലിസുകാർക്ക് പരിക്കേറ്റു. കഴക്കൂട്ടം പൊലിസിന്റെ പട്രോളിംഗിനിടെയാണ് തൃപ്പാദപുരത്ത് പൊതുസ്ഥലത്ത് സിഗററ്റ് വിലച്ചുകൊണ്ടുനിൽക്കുന്ന റയാനെ പൊലിസ് കാണുന്നത്. സിഗററ്റ് കളയാൻ പൊലിസ് ആവശ്യപ്പെട്ടെങ്കിലും യുവാവ് വിസമ്മതിച്ചു. സിഗററ്റ് പൊലിസ് തട്ടിക്കളഞ്ഞു. പൊലിസുകാർ പിന്നീട് വാഹനത്തിൽ കയറി കഴക്കൂട്ടത്തെത്തിയപ്പോൾ റയാൻ അമ്മയെയും കൂട്ടി പിന്നാലെ വന്ന് പൊലിസ് വാഹനം തടഞ്ഞു. ജീപ്പിൽ നിന്നുമിറങ്ങിയ പൊലിസുകാരെ റയാൻ ഹെൽമറ്റ് കൊണ്ട് പൊതിരെ തല്ലി. പൊലിസുകാരായ രതീഷിനും വിഷ്ണുവുമാണ് അടിയേറ്റത്. രതീഷിന്റെറ മുഖത്തും വിഷ്ണുവിന്റെ തോളിനുമാണ് മർദ്ദനമേറ്റത്. തുടർന്ന് മറ്റ് പൊലിസുകാർ ചേർന്ന് പ്രതിയെ പിടികൂടി. പ്രതിയെ ജാമ്യത്തിലെടുക്കാൻ അഭിഭാഷകർ സ്റ്റേഷനിലെത്തിയെങ്കിലും പൊലിസ് അനുവദിച്ചില്ല. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
