റണ്‍വേട്ടക്കാരില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി സഞ്ജു സാംസണ്‍; യശസ്വി ജയ്‌സ്വാളിനും നേട്ടം

ദില്ലി: ഐപിഎല്‍ 18-ാം സീസണില്‍ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ താരം 19 പന്തില്‍ 31 റണ്‍സ് നേടിയിരുന്നു. ഇതുതന്നെയാണ് സഞ്ജുവിനെ ഒമ്പതാം സ്ഥാനത്തെത്താന്‍ സഹായിച്ചത്. ഏഴ് മത്സരങ്ങളില്‍ 224 റണ്‍സാണ് സഞ്ജു ഇതുവരെ നേടിയത്. 148.59 സ്‌ട്രൈക്ക് റേറ്റും 37.33 ശരാശരിയും സഞ്ജുവിനുണ്ട്. അതേസമയം, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നിക്കോളാസ് പുരാന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴ് മത്സരങ്ങളില്‍ 357 റണ്‍സാണ് പുരാന്‍ നേടിയത്. 59.50 ശരാശരിയിലാണ് നേട്ടം. ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശന്‍ രണ്ടാമത്. ആറ് മത്സരങ്ങള്‍ കളിച്ച താരം 329 റണ്‍സ് നേടി. 54.83 ശരാശരി. ലക്‌നൗവിന്റെ മിച്ചല്‍ മാര്‍ഷ് മൂന്നാമത്. ആറ് മത്സരങ്ങളില്‍ 295 റണ്‍സാണ് മിച്ചല്‍ അടിച്ചെടുത്തത്. പഞ്ചാബ് കിംഗ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍ (250), റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിരാട് കോലി (248) എന്നിവരും ആദ്യ അഞ്ചില്‍. മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് (239), ഡല്‍ഹിയുടെ കെ എല്‍ രാഹുല്‍ (238), രാജസ്ഥാന്റെ യശസ്വി ജയ്‌സ്വാള്‍ (233) എന്നിവര്‍ ആറ് മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങളില്‍. പിന്നാലെ സഞ്ജു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ അജിന്‍ക്യ രഹാനെ (221) പത്താമത്. ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി ഡല്‍ഹി ക്യാപിറ്റല്‍സ്; രാജസ്ഥാന് തിരിച്ചടി അതേസമയം, രാജസ്ഥാന്‍ റോയല്‍സിനെതിരായ വിജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹിക്ക് അഞ്ച് ജയങ്ങളാണുള്ളത്. ഒരു മത്സരം മാത്രം പരാജയപ്പെട്ട ടീം പത്ത് പോയിന്റുമായിട്ടാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രാജസ്ഥാന്‍ എട്ടാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങള്‍ അവര്‍ പൂര്‍ത്തിയാക്കി. രണ്ട് മത്സരം മാത്രമാണ് ജയിച്ചത്. അഞ്ചെണ്ണം പരാജയപ്പെട്ടപ്പോള്‍ അക്കൗണ്ടിലുള്ളത് വെറും നാല് പോയിന്റ് മാത്രം. ആറില്‍ നാല് മത്സരം വീതം ജയിച്ച ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. എട്ട് പോയിന്റ് വീതമാണ് മൂന്ന് ടീമുകള്‍ക്കുമുള്ളത്.
