Kerala

സ്കൂളുമായി അതിർത്തി തർക്കം, അയൽവാസിയുടെ വീട്ടുവരാന്തയ്ക്ക് തൊട്ടുമുന്നിൽ മൂത്രപ്പുര, ആശങ്കയിൽ വയോധികൻ

ചൂളിയാട്: വീട്ടുവരാന്തയുടെ തൊട്ടുമുന്നിൽ പണിയുന്ന മൂത്രപ്പുരകൾ, കണ്ണൂർ ചൂളിയാട് സ്വദേശി ദാമോദരനും കുടുംബത്തിനും ആശങ്കയാവുകയാണ്. ചൂളിയാട് എ എൽ പി സ്കൂൾ പുതിയ കെട്ടിടത്തിൻ്റെ മൂത്രപ്പുരകളാണ് ദാമോദരൻ്റെ വീടിനോടടുപ്പിച്ച് നിർമിക്കുന്നത്. ആരോഗ്യവകുപ്പിൻ്റെ ഉത്തരവുണ്ടായിട്ടും സ്കൂൾ മാനേജ്മെൻ്റ് ശുചിമുറികൾ മാറ്റിപ്പണിയുന്നില്ലെന്നാണ് പരാതി. എന്നാൽ പഞ്ചായത്തിൻ്റെ അനുമതിയോടെയാണ് കെട്ടിട നിർമാണമെന്നാണ് സ്കൂളിന്റെ വിശദീകരണം ദാമോദരന്റെ വീടിന്റെ വരാന്തയിലിരുന്ന് നോക്കിയാൽ കാണുക ചൂളിയാട് എഎൽപി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ശുചിമുറികളാണ്. രണ്ട് നിലകളിലുമായി പണിയുന്നത് 10 എണ്ണം. 8 മൂത്രപ്പുരകളും 2 ടോയ്ലറ്റും. ഇവയുടെ വെന്റിലേഷൻ തുറക്കുന്നതും വീടിന് സമാന്തരമായാണ്. ശുചിമുറികൾ പ്രവർത്തനം തുടങ്ങുന്നതോടെ ദുർഗന്ധം കാരണം ഭാവിയിൽ പ്രയാസപ്പെടേണ്ടി വരുമെന്നാണ് ദാമോദരന്റെ ആശങ്ക. പ്രവ‍ർത്തനം ആരംഭിച്ചു കഴിഞ്ഞാൽ വീടിന് മുന്നിലെ സിറ്റ്ഔട്ടിൽ പോലും ഇരിക്കാനാവാത്ത സ്ഥിതിയാവുമെന്നാണ് ദാമോദരന്റെ ആശങ്ക. സ്കൂൾ അധികൃതരോട് ആശങ്ക പങ്കുവച്ചപ്പോൾ ആധുനിക രീതിയിലെ ശുചിമുറികൾ ആയതിനാൽ ദുർഗന്ധമുണ്ടാവില്ലെന്നായിരുന്നു പ്രതികരണമെന്നും അധികൃത‍‍ർ പ്രതികരിച്ചതെന്നാണ് ദാമോദരൻ പ്രതികരിക്കുന്നത്.  ഇതിന് പിന്നാലെ ദാമോദരൻ മനുഷ്യാവകാശ കമ്മീഷനിലും, ആരോഗ്യ വകുപ്പിലും പരാതി നൽകി. അധികൃതരെത്തി സ്ഥലം പരിശോധിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ റിപ്പോർട്ട് നൽകി. പുതിയ കെട്ടിടത്തിൽ ഭിന്നശേഷി വിഭാഗം കുട്ടികൾക്കായുള്ള പ്രത്യക ശുചിമുറി മാത്രമേ നിർമിക്കാവൂയെന്നും ബാക്കിയുള്ളവ മാറ്റിപ്പണിയണമെന്നുമാണ് ഡിഎംഒ ഉത്തരവ്. കൂടാതെ ദാമോദരന്റെ വീട്ടിലേക്ക് തുറക്കുന്ന ജനലുകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. എക്സോസ്റ്റ് ഫാൻ,വെന്റിലേഷൻ എന്നിവ വീടിന്റെ ദിശയിൽ നിർമിക്കരുതെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവിൽ പറയുന്നത്. എന്നാൽ സ്കൂൾ മാനേജ്മെന്റ് ഇതിന് വഴങ്ങുന്നില്ലെന്നാണ് വീട്ടുകാരുടെ ആക്ഷേപം.  ദാമോദരനും സ്കൂൾ മാനേജ്മെൻറ് തമ്മിൽ ഒരു അതിർത്തി തർക്കവും നിലനിൽക്കുന്നുണ്ട്. മലപ്പട്ടം പഞ്ചായത്തിന്റെ അനുമതിയോടെയാണ് കെട്ടിട നിർമാണമെന്നും, നിബന്ധനകളെല്ലാം പാലിച്ചിട്ടുണ്ടെന്നും സ്കൂൾ മാനേജ്മെന്റിന്റെ വിശദീകരണം. അടുത്ത ആഴ്ചയാണ് ദാമോദരന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഹിയറിംങ് നടക്കാനിരിക്കുന്നത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button