രജനികാന്തിന്‍റെ മികച്ച ഫാന്‍ ബോയ് പടം’: ആ സംവിധായകനുമായി വീണ്ടും ഒന്നിക്കാന്‍ രജനികാന്ത്

‘ചെന്നൈ: പിസ്സ എന്ന ചിത്രത്തിലൂടെ കൊളിവുഡില്‍ തന്‍റെ പാതവെട്ടിത്തുറന്ന സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. ഇരെവി, ജിഗർതണ്ട തുടങ്ങിയ വ്യത്യസ്തമായ ചിത്രങ്ങൾ സംവിധാനം ചെയ്ത് തന്‍റെ വ്യത്യസ്തമായ സിനിമ പാത അടയാളപ്പെടുത്തിയ കാര്‍ത്തിക് സുബ്ബരാജ് പേട്ട എന്ന ചിത്രത്തിലൂടെയാണ് ഒരു വലിയ ചിത്രത്തിന്‍റെ ഭാഗമാകുന്നത്. 2019ൽ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ രജനീകാന്ത് ആയിരുന്നു നായകന്‍. രജനികാന്തിന് വേണ്ടിയുള്ള പക്ക ഫാന്‍ബോയ് പടം എന്ന നിലയില്‍ ശ്രദ്ധനേടിയ ചിത്രമാണ് പേട്ട. പേട്ടയുടെ വിജയത്തിന് ശേഷം കാർത്തിക് സുബ്ബരാജ് ധനുഷ്, വിക്രം തുടങ്ങിയ മുൻനിര നടന്മാരുമായി സഹകരിച്ചു. പിന്നീട് റിട്രോ എന്ന ചിത്രം ഒരുക്കുകയാണ് ഇപ്പോള്‍ കാര്‍ത്തിക് സുബ്ബരാജ്. ചിത്രത്തില്‍ സൂര്യയാണ് നായകന്‍. സൂര്യയുടെ 2ഡി എന്‍റര്‍ടെയ്മെന്‍റ് നിർമ്മിക്കുന്ന ചിത്രത്തില്‍ നായിക പൂജ ഹെഗ്ഡേയാണ് മെയ് 1നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റെട്രോയ്ക്ക് ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രത്തെക്കുറിച്ച് വാർത്തകൾ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. രജനീകാന്തിനൊപ്പം വീണ്ടും സംവിധായകൻ ഒത്തുചേരാൻ പോകുകയാണെന്നാണ് റിപ്പോർട്ടുകൾ. പേട്ട ചിത്രത്തിന്റെ വൻവിജയത്തിന് ശേഷം ആറ് വർഷത്തിന് ശേഷം രണ്ടുപേരും ഒരുമിച്ച് വരുന്നതായാണ് കോളിവുഡിലെ വാര്‍ത്തകള്‍. നടൻ രജനീകാന്തിന്‍റെതായി രണ്ട് ചിത്രങ്ങളാണ് ഒരുങ്ങുന്നത് ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലി, ജയിലര്‍ 2 എന്നിവയാണ് ഇവ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഓഗസ്റ്റ് 14ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ 2 ചിത്രം നിർമ്മാണഘട്ടത്തിലാണ്. ഈ രണ്ട് ചിത്രങ്ങളും സൺ പിക്ചേഴ്സാണ് നിര്‍മ്മിക്കുന്നത്. ഈ ചിത്രങ്ങൾ പൂർത്തിയാകുമ്പോൾ രജനികാന്ത് കാർത്തിക് സുബ്ബരാജിനൊപ്പം വീണ്ടും ഒരു ചിത്രത്തിനായി ഒത്തുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് രജനികാന്തിനെ കണ്ട് ആശയങ്ങള്‍ സംസാരിച്ചുവെന്നും ഇതില്‍ രജനികാന്ത് സൃപ്തനാണ് എന്നുമാണ് വിവരം.
