വാംഖഡെയില്‍ വീണ്ടും മുംബൈയുടെ വിജയഭേരി, ഹൈദരാബാദിനെ വീഴ്ത്തിയത് 4 വിക്കറ്റിന്

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നാലു വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യൻസ്. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 26 പന്തില്‍ 36 റണ്‍സെടുത്ത വില്‍ ജാക്സാണ് മുംബൈയുടെ ടോപ് സ്കോറര്‍. മുംബൈക്കായി റിയാൻ റിക്കിൾടണ്‍ 23 പന്തില്‍ 31 റണ്‍സെടുത്തപ്പോള്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും 26 റണ്‍സ് വീതമെടുത്തു. ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യ 9 പന്തില്‍ 21 റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ 17 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു. ഹൈദരാബാദിനായി പാറ്റ് കമിന്‍സ് 26 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഈഷാന്‍ മലിംഗ രണ്ട് വിക്കറ്റ് വീഴ്ത്തി. സ്കോര്‍: സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 162-6, മുംബൈ ഇന്ത്യൻസ് 18.1 ഓവറില്‍ 166-6. ജയിച്ചെങ്കിലും മുംബൈ പോയന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് തന്നെയാണ്. ബാറ്റിംഗ് ദുഷ്കരമാകുമെന്ന് കരുതിയ പിച്ചില്‍ 163 റണ്‍സ് വിജയലക്ഷ്യം പിന്തുർന്ന മുംബൈ കരുതലോടെയാണ് തുടങ്ങിയത്. പവര്‍ പ്ലേയിലെ ആദ്യ രണ്ടോവറില്‍ ഏഴ് റണ്‍സ് മാത്രമാണ് രോഹിത് ശര്‍മയും റിയാന്‍ റിക്കിള്‍ടണും ചേർന്ന് നേടിയത്. എന്നാല്‍ മുഹമ്മദ് ഷമിയുടെ മൂന്നാം ഓവറിൽ രോഹിത് ഗിയര്‍ മാറ്റി. ഷമിയുടെ ഓവറില്‍ രണ്ട് സിക്സുകള്‍ പറത്തിയ രോഹിത് ബാറ്റിംഗ് വെടിക്കെട്ടിന് തിരികൊളുത്തി പ്രതീക്ഷ നല്‍കി. ഷമിയെറിഞ്ഞ മൂന്നാം ഓവറില്‍ മുംബൈ 17 റണ്‍സടിച്ചപ്പോൾ കമിന്‍സ് എറിഞ്ഞ നാലാം ഓവറില്‍ സിക്സ് അടിച്ചാണ് രോഹിത് ഹൈദരാബാദ് ക്യാപ്റ്റനെ വരവേറ്റത്. എന്നാല്‍ ഫുള്‍ ടോസായ കമിന്‍സിന്‍റെ അഞ്ചാം പന്തില്‍ കവറില്‍ ട്രാവിസ് ഹെഡിന് അനായാസ ക്യാച്ച് നല്‍കി രോഹിത് ഒരിക്കല്‍ കൂടി പ്രതീക്ഷ നല്‍കി മടങ്ങി.
ഓപ്പണിംഗ് വിക്കറ്റില്‍ റിക്കിള്‍ടണൊപ്പം 3.5 ഓവറില്‍ 32 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമായിരുന്നു രോഹിത്തിന്‍റെ മടക്കം. പിന്നീടെത്തിയ വില്‍ ജാക്സിനെ തുടക്കത്തിലെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാസവസരം ട്രാവിസ് ഹൈഡെ നിലത്തിട്ടത് ഹൈദരാബാദിന് തിരിച്ചടിയായി. റിക്കിള്‍ടണൊപ്പം നിലയുറപ്പിച്ച ജാക്സ് മുംബൈയെ മുന്നോട്ട് നയിച്ചു. റിക്കിൾടണെ വീഴ്ത്തിയ ഹർഷല്‍ പട്ടേല്‍ ഹൈദരാബാദിന് പ്രതീക്ഷ നല്‍കിയെങ്കിലും സൂര്യകുമാറും ജാക്സും തകര്‍ത്തടിച്ചതോടെ ഹൈദരാബാദിന്‍റെ പിടി അയഞ്ഞു.
പതിമൂന്നാം ഓവറില്‍ സ്കോര്‍ 121ല്‍ നില്‍ക്കെ പാറ്റ് കമിന്‍സ് സൂര്യകുമാറിനെ(15 പന്തില്‍ 26) വീഴ്ത്തിയെങ്കിലും വൈകിപ്പോയിരുന്നു. പിന്നാലെ വില്‍ ജാക്സും(26 പന്തില്‍ 36) വീണെങ്കിലും തിലക് വര്‍മയും(17 പന്തില്‍ 21*) ഹാര്‍ദ്ദിക് പാണ്ഡ്യയും(9 പന്തില്‍ 21) ചേര്‍ന്ന് മുംബൈയെ വിജയത്തിന് അടുത്തെത്തിച്ചു, വിജയത്തിന് ഒരു റണ്ണകലെ ഹാര്‍ദ്ദിക്കും നമാൻ ധിറും മടങ്ങിയത് ആശങ്കപ്പെടുത്തിയെങ്കിലും സാന്‍റ്നറെ കൂട്ടുപിടിച്ച് തിലക് വര്‍മ മുംബൈയെ വിജയവര കടത്തി. ഹൈദരാബാദിനായി ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഇഷാന്‍ മലിംഗ 36 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. 2 പന്തുകള്‍ക്കിടെ ട്രാവിസ് ഹെഡിനെ രണ്ട് തവണ പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യ, എന്നിട്ടും നോട്ടൗട്ടായി താരം നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന്‍റെ വെടിക്കെട്ട് ബാറ്റര്‍മാരെ മുംബൈ ബൗളര്‍മാര്‍ ഫലപ്രദമായി പൂട്ടിയിട്ടപ്പോള്‍ 20 ഓവറില്‍ ഓറഞ്ച് പടക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 28 പന്തില്‍ 40 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ട്രാവിസ് ഹെഡ് 29 പന്തില്‍ 28 റൺസെടുത്തപ്പോള്‍ ഹെന്‍റിച്ച് ക്ലാസന്‍ 28 പന്തില്‍ 37 റണ്‍സടിച്ചു. മുംബൈക്കായി വില്‍ ജാക്സ് മൂന്നോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു.
