World

ഭയാനകം, പക്ഷെ തോക്കല്ല ആരെയും വെടിവയ്ക്കുന്നത് എന്നോര്‍ക്കുക’ ഫ്ലോറിഡ വെടിവയ്പ്പിൽ പ്രതികരണവുമായി ട്രംപ്

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് സര്‍വകലാശാലയിൽ ഉണ്ടായ വെടിവയ്പ്പിൽ രൂക്ഷ പ്രതികരണവുമായി ഡൊണാൾഡ് ട്രംപ്. സംഭവത്തെ ഭയാനകമെന്ന് വിശേഷിപ്പിച്ച അദ്ദേഹം അക്രമി ചെയ്തത് ലജ്ജാകരമായ കാര്യമാണെന്നും പറഞ്ഞു. ഇത്, ഭയാനകമാണ്, വെടിവയ്ക്കുന്നത് പക്ഷെ തോക്കല്ല, ആളുകളാണ്, ഇത് ലജ്ജാകരമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. യൂണിവേഴ്റ്റിയും പരിസരവും എനിക്ക് നന്നായി അറിവുള്ള ഇടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.  അതേസമയം, തോക്ക് നിയന്ത്രണത്തിനുള്ള നിയമങ്ങൾ കൂടുതൽ കടുപ്പിക്കുമോ എന്ന ചോദ്യത്തിനും ട്രംപ് മറുപടി നൽകി. നിയമ നിര്‍മാണം വളരെ കാലമായി നടക്കുന്നുണ്ട്. എനിക്ക് രണ്ടാം ഭേദഗതിയെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. അതുകൊണ്ട് ഞാനത് എപ്പോഴുംസംരക്ഷിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞ്. പൗരന്മാര്‍ക്ക് ആയുധം കൈവശം വയ്ക്കാൻ അവകാശം നൽകുന്നതാണ് അമേരിക്കൻ ഭരണഘടനയുടെ രണ്ടാം ഭേദഗതി. സർവകലാശാലയിൽ തോക്കുമായെത്തിയ വിദ്യാ‍ർത്ഥിയാണ് രണ്ട് പേരെ വെടിവെച്ചു കൊന്നത്. ആറ് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പൊലീസുകാരന്റെ മകൻ കൂടിയാണ് വെടിയുതിര്‍ത്ത വിദ്യാർത്ഥി. ഇയാളെ പൊലീസ് വെടിവെച്ചു വീഴ്ത്തിയിരുന്നു. 20കാരനായ ഇയാൾ തന്റെ പിതാവിന്റെ പഴയ സർവീസ് റിവോൾവറുമായാണ് കാമ്പസിലെത്തിയത്. യുവാവ് കാമ്പസിലെ പുൽത്തകിടിയിലൂടെ നടക്കുന്നതും അവിടെ നിന്നിരുന്ന വിദ്യാർത്ഥികൾക്ക് നേരെ വെടിവെയ്ക്കുന്നതുമായ ദൃശ്യങ്ങൾ അമേരിക്കൻ മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. പത്ത് തവണയോളം വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. വിദ്യാർത്ഥികൾ പരിഭ്രാന്തരായി പരക്കംപാഞ്ഞു. പിന്നാലെ പൊലീസെത്തി അക്രമിയെ വെടിവെച്ചിട്ടു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുണ്ടെ് എന്നല്ലാതെ ആരോഗ്യനില സംബന്ധിച്ച് അധികൃതർ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ട് പേരും വിദ്യാർത്ഥികളല്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. നാൽപതിനായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സർവകലാശാലയാണ് ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button