‘ഈ 500 രൂപ കൊണ്ട് ചായ കുടിച്ചോളൂ, എന്റെ പ്രണയം തകർന്നു പോകും, എന്നെ പാസാക്കി വിടൂ’; പേപ്പറിലെ അഭ്യർത്ഥനകൾ!

ബെംഗളൂരു: കർണാടകയിലെ ബെലഗാവി ചിക്കോടിയിലെ 10-ാം ക്ലാസിലെ കുട്ടികളുടെ ഉത്തരക്കടലാസുകൾ തുറന്ന അധ്യാപകർ ഞെട്ടി. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം നടക്കുന്നതിനിടെയാണ് സംഭവം പുറത്തറിയുന്നത്. തന്നെ പരീക്ഷക്ക് പാസാക്കി വിടണമെന്ന അഭ്യർത്ഥനകളെഴുതിയ പല തരം കത്തുകളാണ് സോഷ്യൽ മീഡിയയിലടക്കം വൈറലാകുന്നത്. പല കുട്ടികളുടെ ഉത്തരക്കടലാസിനൊപ്പം കത്തും, കറൻസി നോട്ടുകളും ഉണ്ടായിരുന്നു. 500 രൂപയുടെയടക്കം കറൻസി നോട്ടാണ് ഉത്തരക്കടലിസിനൊപ്പം വച്ചിരുന്നത്. ചില കുട്ടികൾ വളരെ സ്നേഹത്തോടെയാണ് തന്നെ പരീക്ഷ പാസാക്കി വിടണമെന്ന് എഴുതിയിരുന്നതെന്ന് അധ്യാപകർ പ്രതികരിച്ചു. “ദയവായി എന്നെ പാസാക്കി വിടൂ, നിങ്ങളോട് എനിക്ക് അത്രയും സ്നേഹമാണ്,” എന്നാണ് ഉത്തരക്കടലാസുകൾക്കിടയിൽ 500 രൂപ വച്ച ഒരു വിദ്യാർത്ഥി എഴുതിയിട്ടുള്ളത്. ഞാൻ പരീക്ഷയിൽ വിജയിച്ചാൽ മാത്രമേ എന്റെ പ്രണയം തുടരാനാകൂവെന്ന് മറ്റൊരു വിദ്യാർത്ഥി എഴുതി. 500 രൂപ വച്ച് കൊണ്ട് മറ്റൊരു വിദ്യാർത്ഥിയുടെ അഭ്യർത്ഥന “സർ, ഈ 500 രൂപ കൊണ്ട് ചായ കുടിക്കൂ, ദയവായി എന്നെ പാസ്സാക്കൂ.” എന്നാണ്. പരീക്ഷ പാസാകാൻ സഹായിച്ചാൽ കൂടുതൽ പണം തരാമന്ന് മറ്റൊരു വിദ്യാർത്ഥി ഉത്തരക്കടലാസിൽ കുറിച്ചു. ഈ പ്രധാനപ്പെട്ട പരീക്ഷ പാസാകുന്നതിനെ ആശ്രയിച്ചാണ് ഭാവിയിരിക്കുന്നതെന്നും അതു കൊണ്ട് പാസാക്കി വിടണമെന്നും മറ്റു ചില കുട്ടികൾ എഴുതിയിരിക്കുന്നു. എന്നെ പാസാക്കാതിരുന്നാൽ എന്റെ മാതാപിതാക്കൾ എന്നെ കോളേജിൽ അയയ്ക്കില്ലെന്ന് മറ്റൊരു കുട്ടി ഉത്തരപ്പേപ്പറിൽ എഴുതി വച്ചതായും അധ്യാപകർ പറഞ്ഞു.
